‘പൈസ കൊടുത്തു തീർക്കുമെങ്കിൽ അനന്തുവിനെ പുറത്തുവിടണം; തട്ടിപ്പ് സംശയിച്ചില്ല, പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ’

Mail This Article
കൊച്ചി ∙‘‘പുറത്തുവന്നാൽ പൈസ കൊടുത്തു തീർക്കും എന്നാണ് അനന്തു പറയുന്നത്. അങ്ങനെയെങ്കിൽ പൊലീസ് സംരക്ഷണത്തിലാെണങ്കിലും പുറത്തു കൊണ്ടുവരണം. ഞങ്ങൾ അത്രയധികം സഹിക്കുന്നുണ്ട്. പ്രൊമോട്ടർമാരിൽ 95 ശതമാനവും സ്ത്രീകളാണ്. അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്’’- ചെങ്ങന്നൂർ സീഡ് സൊസൈറ്റിയുടെ സെക്രട്ടറി പൊന്നമ്മ ദേവരാജൻ ഈ പറയുന്നതു നിസ്സഹായതയോടെയാണ്. എൻജിഒ കോൺഫെഡറേഷൻ വഴി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ കോടിക്കണക്കിന് രൂപയുടെ പാതിവില തട്ടിപ്പു നടത്തി എന്ന പരാതികൾ ഉയരുമ്പോൾ ശരിക്കും ബലിയാടാക്കപ്പെടുന്നത് തങ്ങളാണെന്ന് പൊന്നമ്മയും സൊസൈറ്റി പ്രസിഡന്റ് വത്സലകുമാരിയും ട്രഷറർ അൻസാരിയും പറയുന്നു. മാത്രമല്ല, എൻജിഒ കോൺഫെഡറേഷൻ സ്ഥാപിച്ച കെ.എൻ.ആനന്ദ കുമാറിന് ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകാൻ സാധിക്കില്ലെന്നും അദ്ദേഹമാണ് ഇതെല്ലാം തുടങ്ങിവച്ചതെന്നും അവർ പറഞ്ഞു.
‘‘സൊസൈറ്റിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ആലപ്പുഴ ജില്ലയിലെ 12 സീഡ് സൊസൈറ്റികളിലൂടെ രണ്ടു വർഷത്തിനിടയിൽ 15,594 ഗുണഭോക്താക്കൾക്കായി 15.03 കോടി രൂപയുടെ പദ്ധതികൾ നടത്തിയപ്പോൾ 7.50 കോടി രൂപയുടെ ആനുകൂല്യങ്ങൾ അവർക്ക് ലഭിച്ചു. എന്നാൽ കഴിഞ്ഞ മേയ് മാസം മുതൽ പണം അടച്ചെങ്കിലും ഇതുവരെ സ്കൂട്ടർ നൽകിയിട്ടില്ല. പ്രോജക്ട് തുടങ്ങിയാൽ മാത്രമേ സിഎസ്ആർ ഫണ്ട് ലഭിക്കുകയുള്ളൂ എന്നാണ് അനന്തു കൃഷ്ണന്‍ വിശ്വസിപ്പിച്ചിരുന്നത്’’.
ആനന്ദ കുമാറിന്റെ നേതൃത്വത്തിലുള്ള എൻജിഒ കോൺഫെഡറേഷനാണ് പദ്ധതി നടത്തുന്നതെന്നും സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസ് എന്ന സംഘടനയാണ് ഇത് നടപ്പാക്കുന്നതെന്നും അതിനെ സഹായിക്കുന്ന ഏജൻസിയായാണ് സീഡ് സൊസൈറ്റി പ്രവർത്തിക്കുന്നതെന്നുമാണ് പറഞ്ഞിരുന്നത്. ഒട്ടേറെ പ്രമുഖർ ഇതിലെല്ലാം അംഗങ്ങളായതു കൊണ്ടു തന്നെ തട്ടിപ്പ് സംശയിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു.