കലൂരിൽ കഫേയില്‍ ബോയ്‍ലർ പൊട്ടിത്തെറിച്ചു; ഒരു മരണം, 4 പേർക്ക് പരുക്ക്

Mail This Article
കൊച്ചി∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‍ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ 4 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണു. വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴായിരുന്നു പൊട്ടിത്തെറി. വലിയ തിരക്കുള്ള സമയത്തായിരുന്നു അപകടം. സ്റ്റേഡിയത്തിന്റെ അടുത്ത പ്രദേശം മുഴുവൻ കേൾക്കുന്ന ശബ്ദത്തിലായിരുന്നു സ്ഫോടനം. ഇതിനടുത്തുനിന്നു ജോലി ചെയ്തിരുന്നവരാണു പരുക്കേറ്റവർ
ശബ്ദം കേട്ട് ഓടിക്കൂടിയവർ ചേർന്ന് ഇവരെ ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2 സ്വകാര്യ ആശുപത്രികളിലും എറണാകുളം ജനറൽ ആശുപത്രിയിലുമായാണു പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. എന്നാൽ വൈകാതെ ജീവനക്കാരിലൊരാൾ മരിച്ചു. ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു സുമിത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.
കഫേയിൽ നിരവധി പേർ ഭക്ഷണം കഴിച്ചുകൊണ്ടു നിൽക്കുന്നുമുണ്ടായിരുന്നു. ബില്ലടച്ച് ഭക്ഷണം തനിയെ ശേഖരിച്ചു പുറത്തു നിരത്തിയിട്ടിരിക്കുന്ന ചെറിയ മേശമേൽ വച്ചു കഴിക്കുന്ന രീതിയാണ് ഇവിടെ. തുടങ്ങി അധികം കാലമായിട്ടില്ലെങ്കിലും വലിയ തിരക്കുള്ളതും ആളുകൾ ഒത്തുകൂടുന്നതുമായ സ്ഥലമാണ് ഈ കഫേ. വെജിറ്റേറിയൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. സ്ഥാപനത്തിന്റെ നേരെ എതിരെ റോഡിനപ്പുറം മറ്റൊരു അടുക്കള കൂടി ഇവർക്കുണ്ട്. എങ്കിലും ഇപ്പോൾ പൊട്ടിത്തെറി ഉണ്ടായ സ്ഥലത്തെ അടുക്കളയിലാണ് ഇഡ്ഡലി, ദോശ തുടങ്ങിയവ തയാറാക്കുന്നതും. ഈയടുത്ത് കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഇവർ ഒരുക്കിയിരുന്നു. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്കു പുറമെ സ്റ്റേഡിയത്തിൽ നടക്കാനെത്തുന്നവരും ഇവിടെ ഒത്തുകൂടാറുണ്ട്. ബോയിലറിലെ മര്‍ദത്തിൽ വ്യത്യാസം വന്നതായിരിക്കാം പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമികമായി കരുതുന്നതെങ്കിലും വിദ്ഗ്ധ പരിശോധനയിലൂടെയേ ഇത് ബോധ്യമാകൂ. പൊലീസ്, ഫയർ സർവീസ് തുടങ്ങിയവരെല്ലാം സംഭവസ്ഥലത്തുണ്ട്.