കൊച്ചി വികസിക്കുമ്പോൾ കൈകെട്ടി നിന്ന കോർപറേഷൻ; മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതിയിൽ കണ്ണുവച്ച് നഗരം

Mail This Article
കൊച്ചി ∙ ആലുവയിൽനിന്നു വെള്ളമെടുത്ത് അവിടെത്തന്നെ ശുദ്ധീകരിച്ച് എറണാകുളം നഗരത്തിലെത്തിക്കുന്നതിനുള്ള പൈപ്പ്‍ലൈൻ കടന്നു പോകുന്നത് ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത്, കളമശേരി നഗരസഭ, തൃക്കാക്കര നഗരസഭ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലൂടെയാവും. നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചാൽ അത് ഏറെക്കുറെ അസാധ്യമെന്നു തന്നെ പറയേണ്ടി വരും, അല്ലെങ്കിൽ സംസ്ഥാന തലത്തിലുള്ള ഏതെങ്കിലും ഏജൻസി മുൻകയ്യെടുത്താകണം പദ്ധതി നടത്തിപ്പ്. ഈയൊരു സാഹചര്യം മറികടക്കാൻ ബജറ്റിലെ മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരണ പ്രഖ്യാപനം ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിൽ മാത്രമല്ല, തിരുവനന്തപുരത്തും കോഴിക്കോട്ടും എംപിസികൾ രൂപീകരിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മെട്രോപ്പൊലിറ്റൻ അതോറിറ്റി രൂപീകരണത്തിന്റെ മുന്നോടിയായി എംപിസി രൂപീകരണത്തെ കാണാം.
കൊച്ചിയെ സംബന്ധിച്ച് ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ് എംപിസി രൂപീകരണം. വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) നിലവിലുണ്ടെങ്കിലും പഞ്ചായത്തീരാജ് നിലവിൽ വന്നതോടെ അധികാരങ്ങളെല്ലാം തദ്ദേശസ്ഥാപനങ്ങൾക്കായി. അതിലൊന്നു മാത്രമായി കൊച്ചി കോര്‍പറേഷനും ഒതുങ്ങി. കൊച്ചി പുറത്തേക്കു വികസിക്കുമ്പോൾ കോർപറേഷന്‍ കൈകെട്ടി നിൽക്കേണ്ടി വരുന്നതാണ് നിലവിലെ അവസ്ഥ. ഇന്‍ഫോ പാർക്ക്, സ്മാർട് സിറ്റി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, പെട്രോ കെമിക്കൽ പാർക്ക്, കിൻഫ്ര പാർക്ക്, നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം തുടങ്ങിയവയെല്ലാം അതത് തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ്. അതുകൊണ്ടു തന്നെ കൊച്ചി നഗരത്തിന്റെ വികസനം വിശാലാര്‍ഥത്തിൽ നടപ്പാക്കണമെങ്കിൽ കൊച്ചി കോർപറേഷനു മാത്രമായി സാധിക്കില്ല. ഈ സാഹചര്യത്തിലാണ് എംപിസി വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയര്‍ന്നിരുന്നത്. 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരമേഖലകളിൽ വികസന ആസൂത്രണത്തിനായി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതികൾ രൂപീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ 20 ലക്ഷത്തിനു മേൽ ജനസംഖ്യ കൊച്ചിയിലുണ്ടായിട്ടും എംപിസി രൂപീകരണം സാധ്യമായില്ല. ഇതിനിടെ കോടതിയും ഇടപെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
എംപിസി രൂപീകരിക്കപ്പെട്ടാൽ കൊച്ചി കോർപറേഷൻ, കൊച്ചിക്കു ചുറ്റുമായി കിടക്കുന്ന 9 നഗരസഭകൾ, 44 പഞ്ചായത്തുകൾ തുടങ്ങിയവ ഇതിന്റെ കീഴിൽ വന്നേക്കും. ആലപ്പുഴ ജില്ലയുടെ ഭാഗമായ അരൂർ മുതൽ വടക്ക് അങ്കമാലിയും പടിഞ്ഞാറ് ഗോശ്രീ ദ്വീപുകളും കിഴക്ക് കിഴക്കമ്പലം, പെരുമ്പാവൂർ വരെയുള്ള പ്രദേശങ്ങളും എംപിസിയുടെ ഭാഗമാകാം. ഇത്രയും വലിയ മേഖലയെ ഒന്നായി കണക്കാക്കി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യുമെന്ന് നേരത്തേ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിൽ ഇടപെടുന്നു എന്ന ആശങ്കയായിരുന്നു എംപിസി രൂപീകരണത്തെ തടഞ്ഞിരുന്നത്. ബജറ്റ് പ്രഖ്യാപനത്തോടെ എംപിസി രൂപീകരണവും പിന്നാലെ മെട്രോപ്പൊലിറ്റൻ അതോറിറ്റി രൂപീകരണവും ഉണ്ടാവുമെന്നാണ് പ്രതീക്ഷ