ജീവകാരുണ്യ ഫൗണ്ടേഷൻ വഴി വാഹനങ്ങൾക്ക് അപേക്ഷ നൽകി, നഷ്ടം 1.8 കോടി: പാതിവില തട്ടിപ്പിൽ കുടുങ്ങിയവർ കൂടുന്നു

Mail This Article
കോഴിക്കോട്∙ പാതിവില തട്ടിപ്പിൽ ഇരയായവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതികളെത്തി. കാന്തപുരത്തെ ജീവകാരുണ്യ സംഘടനയായ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് 1.8 കോടതി രൂപയോളം നഷ്ടമായെന്നാണ് പരാതി. മുദ്ര വഴി വാഹനങ്ങൾക്ക് അപേക്ഷ നൽകിയ ഗുണഭോക്താക്കളുടെ പണമാണ് നഷ്ടമായത്. ഇതു സംബന്ധിച്ച് മുദ്ര ഫൗണ്ടേഷൻ ഭാരവാഹികൾ ബാലുശേരി പൊലീസിൽ പരാതി നൽകി. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരമാണ് മുദ്രയുടെ ചെയർമാൻ. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
ഉണ്ണികുളം മഹിളാസമാജം പ്രസിഡന്റ് രുഗ്മിണി 50,70,800 രൂപ നഷ്ടപ്പെട്ടെന്ന് പരാതി നൽകിയിട്ടുണ്ട്. കോട്ടൂർ മണ്ഡലം ജനശ്രീ മിഷൻ ചെയർമാൻ മുഹമ്മദലി 64,000 രൂപ വാങ്ങി വഞ്ചിച്ചെന്ന് ബാലുശേരി പുനത്ത് സ്വദേശിനി അപർണാ മോഹനും ബാലുശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 2024 ഏപ്രിൽ മുതൽ പണമടച്ചവർക്ക് കാലാവധി കഴിഞ്ഞിട്ടും സ്കൂട്ടറും ലാപ്ടോപ്പും തയ്യൽ മെഷീനും ലഭിക്കാതെ വന്നതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഉടൻ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ സന്നദ്ധ സംഘടനകൾ സമാധാനിപ്പിച്ചത്.
വയനാട്ടിൽ അക്ഷയ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ഡിവൈഎഫ്ഐ പുൽപള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളി അക്ഷയ ഓഫിസിലേക്കാണ് മാർച്ച് നടത്തിയത്. വയനാട്ടിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. ബത്തേരിയിലും കൽപറ്റയുമുള്ള അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ പണം നഷ്ടമായവർ പ്രതിഷേധം നടത്തിയിരുന്നു.