വഖഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിന് രാജ്യസഭാ അംഗീകാരം, പ്രതിഷേധിച്ച് പ്രതിപക്ഷം

Mail This Article
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പാർലമെന്ററി സംയുക്ത സമിതി (ജെപിസി) റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെയാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങൾ ജെപിസി റിപ്പോർട്ടിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചത് നാടകീയ രംഗങ്ങളിലേക്കു നയിച്ചു.
ബില്ലിൽ ഒട്ടേറെ എംപിമാർ വിയോജനക്കുറിപ്പ് നൽകിയിരുന്നെന്നും അവ നീക്കം ചെയ്ത് ഭൂരിപക്ഷത്തിന്റെ തീരുമാനവുമായി മാത്രം മുന്നോട്ടുപോകുന്നത് ജനാധിപത്യവിരുദ്ധവും അപലപനീയവുമാണെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. അതേസമയം, വിയോജനക്കുറിപ്പുകൾ ഒന്നും റിപ്പോർട്ടിൽനിന്ന് നീക്കിയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഇതേ തുടർന്ന് രാജ്യസഭയിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷ എംപിമാർ ലോക്സഭ സ്പീക്കർ ഓം ബിർള, മന്ത്രി കിരൺ റിജിജു എന്നിവരുമായി നടത്തിയ ചർച്ചയിൽ വിയോജനക്കുറിപ്പുകൾ ജെപിസി കരട് റിപ്പോർട്ടിൽ പൂർണമായി ഉൾക്കൊള്ളിക്കാൻ ധാരണയായി.
അതേസമയം, സഭയിൽനിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ രംഗത്തെത്തി. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ആഗ്രഹമില്ലെന്നും അവർക്ക് രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ മാത്രമാണുള്ളതെന്നും നഡ്ഡ പറഞ്ഞു. കുറിപ്പുകളൊന്നും നീക്കിയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി പറഞ്ഞിട്ടും അവർ നിരുത്തരവാദപരമായാണ് പ്രവർത്തിച്ചത്. ഇത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്. രാജ്യത്തിന്റെ ഭരണകൂടത്തിനെതിരെ പോരാടാൻ ചിലർ ശ്രമിക്കുന്നുണ്ടോ എന്നതാണ് ചോദ്യോത്തരവേളയിലെ പ്രധാന ചോദ്യമെന്നും നഡ്ഡ പറഞ്ഞു.