ADVERTISEMENT

കോട്ടയം ∙ ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾ നേരിട്ട അതിക്രൂര പീഡനത്തിൽ ഞെട്ടി രക്ഷിതാക്കൾ. ജർമനിയിൽ നഴ്സിങ് വിദ്യാഭ്യാസത്തിനു കാര്യങ്ങളെല്ലാം ശരിയായിട്ടും നാട്ടിൽ പഠിക്കാനുള്ള മോഹത്താൽ കോട്ടയത്ത് എത്തിയ വിദ്യാർഥിയും പീഡനം നേരിട്ടവരിലുണ്ട്. മാസങ്ങളായി കടുത്ത ശാരീരിക പീഡനം നേരിട്ടിട്ടും സീനിയേഴ്സിനെ ഭയന്നു കുട്ടികൾ ഒന്നും രക്ഷിതാക്കളോടു പറഞ്ഞിരുന്നില്ല. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇരയായ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥി ലിബിന്റെ പിതാവും ഇടുക്കി സ്വദേശിയുമായ ലക്ഷ്മണ പെരുമാൾ ‘മനോരമ ഓൺലൈനോടു’ സംസാരിക്കുന്നു.

∙ ‘പഠിച്ചില്ലെങ്കിൽ അവന്റെ ജീവിതം പോകില്ലേ?’

‘‘സൈന്യത്തിൽനിന്നു വിരമിച്ചയാളാണ് ഞാൻ. പൊതുമരാമത്ത് വകുപ്പിൽ പാർട് ടൈം ജോലിയാണു ഭാര്യയ്ക്ക്. പീരുമേട്ടിലാണു താമസം. ഞങ്ങൾക്കു 2 മക്കളാണ്. മൂത്ത മകൻ ലിബിനാണു കോട്ടയത്തു റാഗിങ്ങിന് ഇരയായത്. ഇളയ മകൻ ഏലപ്പാറയിൽ പ്ലസ് വണിനു പഠിക്കുകയാണ്. റാഗിങ്ങിനെപ്പറ്റി ലിബിൻ ഇതുവരെ ഞങ്ങളോടു പറഞ്ഞിട്ടില്ല. അവിടത്തെ അധ്യാപിക പറഞ്ഞപ്പോഴാണു വിവരം അറിഞ്ഞത്. പിന്നാലെ മകനെ ഫോണിൽ വിളിച്ചു ചോദിച്ചു. ഞങ്ങളെ പേടിപ്പിച്ചു വച്ചിരിക്കുകയായിരുന്നു, അതുകൊണ്ടാണ് ഒന്നും പറയാതിരുന്നത് എന്നായിരുന്നു മറുപടി. മോനുൾപ്പെടെ 3 പേരെയാണ് അവർ പീഡിപ്പിച്ചത്. ഇതിൽ ഒരാൾക്കു സഹിക്കാനാവാത്ത വേദനയായപ്പോഴാണു പരാതിപ്പെട്ടതെന്നും മകൻ പറഞ്ഞു.

അധ്യാപികയോടാണു കുട്ടികൾ വിവരം പങ്കുവച്ചത്. അധ്യാപിക ഉടൻ പ്രിൻസിപ്പലിനെയും പിന്നീട് പൊലീസിനെയും അറിയിച്ചു. പരാതി നൽകിയതിനു പിന്നാലെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. മാസങ്ങളായി സീനിയർ വിദ്യാർഥികൾ ശല്യം ചെയ്യുന്നതും പീഡിപ്പിക്കുന്നതും അപ്പോഴാണു കുട്ടികൾ പുറത്തുപറഞ്ഞത്. കോളജ് ഹോസ്റ്റലിൽ മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സീനിയേഴ്സ് ഉപയോഗിക്കുന്നതായും കുട്ടികൾ വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ തല്ലുമെന്നു ഭീഷണിയുള്ളതിനാലാണു പറയാതിരുന്നത്. ആദ്യ വർഷ വിദ്യാർഥികളായതിന്റെ പേടി ഇവർക്കുണ്ടായിരുന്നു. ഭാവിയിൽ എന്തെങ്കിലും പ്രയാസമുണ്ടാകുമോ എന്നു പേടിച്ചാണു കുട്ടികൾ ഒന്നും പറയാതിരുന്നത്.

ഒന്നാം വർഷ വിദ്യാർഥികളെ അതിക്രൂരമായി റാഗ് ചെയ്ത കേസിൽ അറസ്റ്റിലായ 1. സി.റിജിൽ ജിത്ത്, 2. എൻ.എസ്. ജീവ, 3. കെ.പി. രാഹുൽ രാജ് , 4. എൻ.വി. വിവേക്, 5. സാമുവൽ ജോൺസൺ എന്നിവരെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നു പുറത്തിറക്കിയപ്പോൾ.
ഒന്നാം വർഷ വിദ്യാർഥികളെ അതിക്രൂരമായി റാഗ് ചെയ്ത കേസിൽ അറസ്റ്റിലായ 1. സി.റിജിൽ ജിത്ത്, 2. എൻ.എസ്. ജീവ, 3. കെ.പി. രാഹുൽ രാജ് , 4. എൻ.വി. വിവേക്, 5. സാമുവൽ ജോൺസൺ എന്നിവരെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നു പുറത്തിറക്കിയപ്പോൾ.

ആദ്യമായാണു മകൻ ഇത്രയേറെ നാൾ ഇടുക്കി ജില്ല വിട്ടു പോകുന്നതും ഒറ്റയ്ക്കു താമസിക്കുന്നതും. വിവരമറിഞ്ഞു കോട്ടയത്തേക്കുള്ള യാത്രയിലാണു ഞാൻ. മകന് എന്തുപറ്റിയെന്നു നേരിട്ടുകണ്ടു തിരക്കണം. അതുവരെ ആധിയാണ്. നഴ്സ് ആകണം എന്നായിരുന്നു അവന്റെ ആഗ്രഹം. മക്കളുടെ മോഹങ്ങൾക്കു ഞങ്ങൾ തടസ്സം നിൽക്കാറില്ല. അവർക്ക് ഇഷ്ടമുള്ളതു ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. ജർമനിയിൽ പോയി പഠിക്കാൻ മോൻ ആഗ്രഹിച്ചിരുന്നു. ഇതിനായി ജർമൻ ഭാഷ പഠിച്ചു, മറ്റു പരീക്ഷകൾ പാസായി, പാസ്പോർട്ട് എടുത്തു. എന്നാൽ യാത്രയ്ക്ക് ഒരു വർഷത്തോളം കാലതാമസം വരുമെന്ന് അറിയിപ്പു കിട്ടി. വീട്ടിലിരുന്നു സമയം കളയേണ്ടെന്നു കരുതി മകൻ തന്നെയാണു കേരളത്തിൽ പഠിക്കാമെന്നു പറഞ്ഞതും അപേക്ഷിച്ചതും.

കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജിൽ മെറിറ്റിലാണ് അഡ്മിഷൻ കിട്ടിയത്. ഇടുക്കിയിൽനിന്ന് ഇവനു മാത്രമേ പ്രവേശനം കിട്ടിയിട്ടുള്ളൂ. പത്താം ക്ലാസ് വരെ നെടുങ്കണ്ടത്തും പ്ലസ് ടു പീരുമേട്ടിലുമാണു പഠിച്ചത്. ജർമൻ ഭാഷ പഠിക്കാൻ കുറച്ചുനാൾ എറണാകുളത്തേക്കു പോയി. സർക്കാർ മെഡിക്കൽ കോളജിൽ കാര്യങ്ങളെല്ലാം നന്നായി നടക്കുമെന്നും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും കരുതിയാണു കോട്ടയത്തേക്ക് അയച്ചത്. സ്വകാര്യ കോളജുകളേക്കാൾ സുരക്ഷിതത്വം ഇവിടെയുണ്ടാകുമെന്നും ഞങ്ങൾ വിചാരിച്ചു. റാഗിങ് വിവരമറിഞ്ഞതോടെ അവന്റെ അമ്മയും ഞാനും ആകെ പ്രയാസത്തിലായി. എന്റെ കുട്ടിക്കു മാത്രമല്ല, മറ്റു കുട്ടികൾക്കും ഇനി വരുന്ന തലമുറയ്ക്കും ഇതു പാടുള്ള കാര്യമാണ്. ഇങ്ങനെ വരുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. പിള്ളേരെ ഇങ്ങനെ ശല്യം ചെയ്യുമെന്നത് ആദ്യമായാണു കേൾക്കുന്നത്. അതിനാൽ അത്തരത്തിൽ ശ്രദ്ധിക്കണമെന്ന ഉപദേശം നൽകിയിരുന്നില്ല.

വാർത്തകൾ വന്നതോടെ മനസ്സുകൊണ്ട് മകൻ പേടിയിലാണ്. കൂടുതൽ സീനിയേഴ്സ് ഉപദ്രവിക്കുമോ എന്നാണു ഭയം. ക്ലാസ് തുടങ്ങിയിട്ട് നാലു മാസമായി. ഇത്ര നാളും കോട്ടയത്തു തന്നെയായിരുന്നു, വീട്ടിൽ വന്നിട്ടില്ല. എന്നും ഫോൺ വിളിക്കാറുണ്ട്. പക്ഷേ മർദനത്തെപ്പറ്റി പറഞ്ഞിരുന്നില്ല. മകനു മാത്രമായി പ്രത്യേകം പണം ബാങ്കിൽ ഇടാറില്ല. ആവശ്യത്തിനു പണം എന്റെ അക്കൗണ്ടിൽനിന്ന് അവൻ എടുക്കാറാണു പതിവ്. സീനിയേഴ്സിനു മദ്യപിക്കാനായി ആഴ്ചപ്പടിക്കുള്ള തുക എന്റെ അക്കൗണ്ടിൽനിന്നാണ് എടുത്തു കൊടുത്തിരുന്നതെന്ന് ഇന്നലെ അറിഞ്ഞു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മിതമായി പണം ചെലവാക്കുന്ന കുട്ടിയായതിനാൽ, എന്തെങ്കിലും ആവശ്യത്തിന് പണം എടുക്കുന്നതായേ കരുതിയുള്ളൂ. എടുക്കുന്ന പണത്തിനു കണക്കു ചോദിക്കുന്ന പതിവില്ല. കഴിഞ്ഞ മാസം 2000 രൂപ എടുത്തിരുന്നു. മാസാമാസം അവർ പണം ചോദിച്ചു വാങ്ങുമെന്ന് ഇപ്പോഴാണു പറയുന്നത്. കോട്ടയത്തെത്തി പ്രിൻസപ്പലിനെ കണ്ടു സംസാരിച്ച ശേഷം തുടർ നിയമനടപടികൾ തീരുമാനിക്കും. മകനെ തുടർന്നും ഇവിടെത്തന്നെ പഠിപ്പിക്കണം എന്നാണ് ആഗ്രഹം. അതിനുള്ള സൗഹചര്യം അധികൃതർ ഒരുക്കിത്തരണം. പഠിച്ചില്ലെങ്കിൽ അവന്റെ ജീവിതം പോകില്ലേ?’’–  വിങ്ങുന്ന മനസ്സോടെ ലക്ഷ്മണ പെരുമാൾ ചോദിച്ചു.

∙ ‘നഗ്നരാക്കി, സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ കെട്ടിത്തൂക്കി’

അതിക്രൂര റാഗിങ് സംഭവത്തിൽ സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി.രാഹുൽ രാജ് (22), അസോസിയേഷൻ അംഗങ്ങളായ മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയിൽ സി.റിജിൽ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി.വിവേക് (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 5 പേരെയും പുറത്താക്കിയതായി സംഘടനാനേതൃത്വം അറിയിച്ചു. ഇവരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു.

ജനറൽ നഴ്സിങ് 3 വർഷ കോഴ്സിലെ, പട്ടിക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണു റാഗിങ്ങിന് ഇരയായവരും പ്രതികളും. ബോയ്സ് ഹോസ്റ്റലിലായിരുന്നു പീഡനം. ഒന്നാം വർഷ നഴ്സിങ് വിദ്യാർഥികളായ ലിബിൻ, അജിത്ത്, ദിലീപ്, ആദർശ്, അരുൺ, അമൽ എന്നിവരാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ നവംബറിലാണ് റാഗിങ് ആരംഭിച്ചത്. നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഡംബൽ കെട്ടിത്തൂക്കുക, ശരീരത്ത് സൂചി ഉപയോഗിച്ചു മുറിവേൽപിക്കുക, മുഖത്ത് തേക്കുന്ന ക്രീം വായിൽ ഒഴിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങൾ ഗാന്ധിനഗർ പൊലീസിനു ലഭിച്ചു.

ഇത്തരം ക്രൂരതകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മറ്റു ജൂനിയർ വിദ്യാർഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികൾ ഹോസ്റ്റലിൽ ഗുണ്ടാനേതാക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. റാഗിങ് മൂലം സഹികെട്ട ജൂനിയർ വിദ്യാർഥികൾ കോളജ് അധികൃതർക്കു നൽകിയ പരാതി ഗാന്ധിനഗർ പൊലീസിനു കൈമാറുകയായിരുന്നു. മദ്യപിക്കാൻ ജൂനിയർ വിദ്യാർഥികളോട് പണം ആവശ്യപ്പെടുക, നൽകാത്തവരെ ക്രൂരമായി മർദിക്കുക, സീനിയേഴ്സിനെ കാണുമ്പോൾ എഴുന്നേറ്റ് സല്യൂട്ട് അടിച്ചില്ലെങ്കിൽ അസഭ്യം പറയുകയും കട്ടിലിൽ കെട്ടിയിട്ട് മർദിക്കുക തുടങ്ങിയവ പതിവായിരുന്നെന്ന് വിദ്യാർഥികൾ മൊഴി നൽകി.

English Summary:

Kottayam Nursing College Ragging: Parents Devastated by Brutal Abuse of Students

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com