കട്ടിലിൽ കെട്ടിയിട്ടു, ശരീരമാസകലം വരഞ്ഞു; സിനിമയിലെ സൈക്കോ വില്ലന്മാരെ തോൽപിക്കുന്ന ക്രൂരത

Mail This Article
കോട്ടയം ∙ കട്ടിലിൽ ബലമായി കിടത്തിയിട്ട് കയ്യും കാലും തോർത്തുകൊണ്ട് കെട്ടി. പിന്നെ ശരീരമാസകലം ലോഷൻ ഒഴിച്ചു. തുടർന്ന് ദേഹത്തു കയറിയിരുന്ന് ശരീരം മുഴുവൻ വരഞ്ഞു മുറിവേൽപിച്ചു. വേദനിച്ചു കരഞ്ഞവരുടെ വായിൽ ലോഷൻ ഒഴിച്ചു. ശബ്ദം പുറത്തുവന്നാൽ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി: റാഗിങ്ങിന് ഇരയായ വിദ്യാർഥികൾ തങ്ങളനുഭവിച്ച ദുരിതങ്ങൾ വെളിപ്പെടുത്തിയപ്പോൾ പൊലീസുകാർ പോലും ഞെട്ടി.
സിനിമകളിലെ സൈക്കോ വില്ലന്മാർ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ ജൂനിയർ വിദ്യാർഥികളോടു കാട്ടാൻ പ്രതികൾക്കു മടിയുണ്ടായില്ല. പണത്തിനു വേണ്ടിയാണു ക്രൂരത ആരംഭിച്ചത്. ശനിയാഴ്ചകളിൽ സീനിയേഴ്സിന് മദ്യപിക്കാൻ ജൂനിയർ വിദ്യാർഥികൾ പണം നൽകണം. 800 രൂപയാണ് ജൂനിയേഴ്സ് നൽകേണ്ട ആഴ്ചപ്പടി. രാത്രികാലങ്ങളിലാണ് മർദനവും ക്രൂരതകളും അരങ്ങേറിയത്. നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഡംബൽ കെട്ടിത്തൂക്കുക, ശരീരത്ത് സൂചി ഉപയോഗിച്ചു മുറിവേൽപിക്കുക, മുഖത്ത് തേക്കുന്ന ക്രീം വായിൽ ഒഴിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങൾ ഗാന്ധിനഗർ പൊലീസിനു ലഭിച്ചു.
ഇത്തരം ക്രൂരതകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മറ്റു ജൂനിയർ വിദ്യാർഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളോടു ബഹുമാനം കാണിക്കുന്നില്ലെന്നു പറഞ്ഞു സീനിയേഴ്സ് കഴുത്തിൽ കത്തിവയ്ക്കും. കഴുത്ത് അറക്കുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ വിദ്യാർഥികൾ ആദ്യമൊന്നും ഇക്കാര്യങ്ങൾ വീട്ടിൽപോലും പറഞ്ഞില്ല. ഒടുവിൽ സഹികെട്ട വിദ്യാർഥികൾ കോളജ് അധികൃതർക്കു നൽകിയ പരാതി ഗാന്ധിനഗർ പൊലീസിനു കൈമാറുകയായിരുന്നു.