റാഗിങ്: ശബ്ദിക്കരുതെന്ന് വിദ്യാർഥികളോട് യൂണിയൻ ചെയർപഴ്സൻ

Mail This Article
കോട്ടയം ∙ നഴ്സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തരുതെന്നും വിദ്യാർഥികൾ മാധ്യമങ്ങളോടു സംസാരിക്കരുതെന്നും കോളജ് യൂണിയൻ ചെയർപഴ്സൻ നന്ദിനി ബാബുവിന്റെ വാട്സാപ് സന്ദേശം. ഇരകളുടെ വിശദാംശങ്ങൾ പുറത്തുപോകരുത്. ഇവരുമായി ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചാൽ അനുവദിക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ തന്റെ മൊബൈൽ നമ്പർ നൽകണമെന്നും യൂണിയൻ ചെയർപഴ്സൻ അയച്ച ശബ്ദസന്ദേശത്തിൽ നിർദേശിക്കുന്നു. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷനാണ് യൂണിയൻ ഭരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവരും യൂണിയനിൽ ഉൾപ്പെട്ടവരാണ്. ഡോ. വന്ദന വധക്കേസിലും ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിച്ച് യൂണിയൻ നടത്തിയ സമരപരിപാടികളിൽ മുന്നിൽ നിന്നവരാണ് പിടിയിലായവർ.
‘നടപടി വേണം’
കോട്ടയം∙ റാഗിങ് നടത്തിയ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെജിഎസ്എൻഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റാഗിങ്ങിനിരയായ വിദ്യാർഥികൾക്ക് നിയമപരമായും സംഘടനാപരമായും പൂർണ പിന്തുണ നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് അശ്വതി അജയൻ അറിയിച്ചു.