റാഗിങ് നടന്ന ഹോസ്റ്റൽ കോളജിനോട് ചേർന്ന്; കുറ്റം സമ്മതിച്ച് പ്രതികൾ

Mail This Article
കോട്ടയം ∙ മെഡിക്കൽ കോളജ് കാർഡിയോളജി ബ്ലോക്കിനു സമീപം നഴ്സിങ് കോളജിനോടു ചേർന്നാണ് വിദ്യാർഥികൾ ക്രൂരറാഗിങ്ങിനിരയായ ഹോസ്റ്റൽ. വിവിധ വിഭാഗങ്ങൾക്കായാണു കെട്ടിടം അനുവദിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗം പ്രത്യേകം തിരിച്ച് 10 മുറികളാണ് പുരുഷ നഴ്സിങ് വിദ്യാർഥികൾക്കായി മാറ്റിവച്ചിരിക്കുന്നത്.
ഒരു മുറിയിൽ 3 വിദ്യാർഥികൾ വീതം 30 പേർക്കു താമസിക്കാം. ഇപ്പോൾ ജനറൽ നഴ്സിങ് വിഭാഗത്തിലെ 15 കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി രണ്ടാഴ്ച മുൻപ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസിന്റെ നേതൃത്വത്തിൽ ഹോസ്റ്റലിൽ പരിശോധന നടത്തിയിരുന്നു. മറ്റുള്ള കുട്ടികൾക്ക് റാഗിങ് സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്നും എന്നാൽ സീനിയർ വിദ്യാർഥികളെ ഭയന്നാണ് വിവരം പുറത്തു പറയാതിരുന്നതെന്നും ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്ത് അറിയിച്ചു.
സംഭവത്തിൽ ഒരു കുട്ടിയുടെ പരാതിയിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 5 പരാതിക്കാർ വേറെയുണ്ട്. ഇവരുടെ മൊഴിയെടുത്ത ശേഷം കേസിൽ കക്ഷി ചേർക്കും. നിലവിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തെളിവെടുപ്പോ മറ്റു നടപടിക്രമങ്ങളോ നടത്തേണ്ടതായി വന്നാൽ മാത്രമേ കസ്റ്റഡി അപേക്ഷ നൽകൂ. സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ ഭാരത നിയമസംഹിതയിലെ 118–ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും ആന്റി റാഗിങ് സെക്‌ഷൻ 5,7 വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ആന്റി റാഗിങ് വകുപ്പ് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.