റാഗിങ്: ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു; പ്രതികൾ പെരുമാറിയത് ഗുണ്ടാനേതാക്കളെപ്പോലെ

Mail This Article
കോട്ടയം ∙ മൂന്നു മാസമായി കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ അതിക്രൂരമായി റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികൾ ഒടുവിൽ അഴിക്കുള്ളിലായി. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെ.പി. രാഹുൽ രാജ് (22), അസോസിയേഷൻ അംഗങ്ങളായ മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ സാമുവൽ ജോൺസൺ (20), വയനാട് നടവയലിൽ പുൽപ്പള്ളി ഞാവലത്ത് എൻ.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയിൽ സി.റിജിൽ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻ.വി. വിവേക് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 പേരെയും പുറത്താക്കിയതായി സംഘടനാനേതൃത്വം അറിയിച്ചു. പ്രതികളെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
അറസ്റ്റിലായ രാഹുലും റിജിലും വിവേകും മൂന്നാം വർഷ വിദ്യാർഥികളും സാമുവലും ജീവയും രണ്ടാം വർഷക്കാരുമാണ്. ഇവരെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു.പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കുള്ള ജനറൽ നഴ്സിങ് മൂന്നു വർഷ കോഴ്സിലെ വിദ്യാർഥികളാണ് റാഗിങ്ങിനിരയായവരും പ്രതികളും.ബോയ്സ് ഹോസ്റ്റലിലായിരുന്നു പീഡനം. ഒന്നാം വർഷ നഴ്സിങ് വിദ്യാർഥികളായ ലിബിൻ, അജിത്ത്, ദിലീപ്, ആദർശ്, അരുൺ, അമൽ എന്നിവരാണ് റാഗിങ്ങിന് ഇരയായത്. കഴിഞ്ഞ നവംബറിലാണ് റാഗിങ് ആരംഭിച്ചത്. മദ്യപിക്കാൻ ജൂനിയർ വിദ്യാർഥികളോട് പണം ആവശ്യപ്പെടുക, നൽകാത്തവരെ ക്രൂരമായി മർദിക്കുക, സീനിയേഴ്സിനെ കാണുമ്പോൾ എഴുന്നേറ്റ് സല്യൂട്ട് അടിച്ചില്ലെങ്കിൽ അസഭ്യം പറയുകയും കട്ടിലിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്യുക തുടങ്ങിയവ പതിവായിരുന്നെന്ന് വിദ്യാർഥികൾ മൊഴി നൽകി.
നഗ്നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ഡംബൽ കെട്ടിത്തൂക്കുക, ശരീരത്ത് സൂചി ഉപയോഗിച്ചു മുറിവേൽപിക്കുക, മുഖത്ത് തേക്കുന്ന ക്രീം വായിൽ ഒഴിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങൾ ഗാന്ധിനഗർ പൊലീസിനു ലഭിച്ചു. ഇത്തരം ക്രൂരതകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മറ്റു ജൂനിയർ വിദ്യാർഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതികൾ ഹോസ്റ്റലിൽ ഗുണ്ടാനേതാക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്. റാഗിങ് മൂലം സഹികെട്ട ജൂനിയർ വിദ്യാർഥികൾ കോളജ് അധികൃതർക്കു നൽകിയ പരാതി ഗാന്ധിനഗർ പൊലീസിനു കൈമാറുകയായിരുന്നു.