റാഗിങ്: നിയമം കർശനം; യുജിസി നിരീക്ഷണം, ഭാവി തന്നെ ഇല്ലാതായേക്കാം

Mail This Article
കോട്ടയം ∙ ജൂനിയേഴ്സിനു മുന്നിൽ ആളാവാൻ ഇത്തിരി റാഗിങ് ഒക്കെയാവാം എന്നു ചിന്തിക്കുന്ന കുട്ടികളോട്: റാഗിങ്ങിനെതിരെ കടുത്ത നിയമങ്ങളാണ് നിലവിലുള്ളത്. ഭാവി തന്നെ ഇല്ലാതായേക്കാം. സർവകലാശാലകളും സ്ഥാപനങ്ങളും പൊലീസും റാഗിങ്ങിന്റെ കാര്യത്തിൽ ജാഗരൂകരാണ്.സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ അപമാനിക്കുന്നതും ഉപദ്രവിക്കുന്നതും മാത്രമല്ല റാഗിങ്. ക്യാംപസിൽ ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥിയോ വിദ്യാർഥികളുടെ സംഘമോ തടയുകയോ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ അയാളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഏതു പ്രവൃത്തിയും റാഗിങ് തടയൽ നിയമത്തിന്റെ പരിധിയിൽ വരും. ഒന്നാം വർഷ വിദ്യാർഥി മൂന്നാം വർഷ വിദ്യാർഥിയെ മർദിച്ചാലും അതു റാഗിങ്ങാണെന്നു ചുരുക്കം.
കർശന നിയമങ്ങൾ
റാഗിങ് തടയാനും റാഗിങ് നടത്തുന്നവരെ ശിക്ഷിക്കാനും കർശനമായ നിയമങ്ങളുണ്ട്. കോളജും സ്കൂളുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കണമെന്നാണു ചട്ടം. സ്ഥാപന മേധാവി അധ്യക്ഷനായ കമ്മിറ്റിയിൽ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിദ്യാർഥികളുടെയും പ്രതിനിധികൾ വേണം. പ്രദേശത്തെ സന്നദ്ധ പ്രവർത്തകൻ, തദ്ദേശ സ്ഥാപനത്തിന്റെ പ്രതിനിധി എന്നിവരും ഈ കമ്മിറ്റിയിൽ ഉണ്ടാവണം. വിദ്യാലയത്തിൽ റാഗിങ് പരാതി ഉയർന്നാൽ ഈ കമ്മിറ്റി പരിശോധിക്കുകയും റാഗിങ് ആണെന്നു ബോധ്യപ്പെട്ടാൽ പൊലീസിൽ അറിയിക്കുകയും വേണമെന്നാണു ചട്ടം.
യുജിസി നിർദേശം
റാഗിങ് പ്രതിരോധ നടപടികൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കർശനമായി നടപ്പാക്കണമെന്നു യുജിസിയുടെ നിർദേശമുണ്ട്. ഗുരുതര റാഗിങ്, ആത്മഹത്യ തുടങ്ങിയ സംഭവങ്ങളുണ്ടായാൽ കോളജ് പ്രിൻസിപ്പലും യൂണിവേഴ്സിറ്റി റജിസ്ട്രാറും ദേശീയ റാഗിങ് വിരുദ്ധ നിരീക്ഷണ കമ്മിറ്റിയുടെ മുന്നിൽ ഹാജരായി വിശദീകരണം നൽകണം.ആന്റി റാഗിങ് കമ്മിറ്റി, ആന്റി റാഗിങ് സ്ക്വാഡ് എന്നിവയുടെ രൂപീകരണം, ആന്റി റാഗിങ് സെൽ പ്രവർത്തനം, പ്രധാന സ്ഥലങ്ങളിൽ സിസിടിവി സ്ഥാപിക്കൽ എന്നിവയെല്ലാം യുജിസി മാർഗരേഖയിലുള്ള കാര്യങ്ങളാണ്.
റാഗിങ് വിരുദ്ധ കമ്മിറ്റി
1998ലെ കേരള റാഗിങ് തടയൽ നിയമവും 2009 ലെ യുജിസി റഗുലേഷനും അനുസരിച്ചാണു സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ റാഗിങ് വിരുദ്ധ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. റാഗിങ് പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ സ്ഥാപന മേധാവിക്കെതിരെയും കേസ് എടുക്കാമെന്നാണു ചട്ടം. ഓരോ മാസവും ലഭിച്ച റാഗിങ് പരാതികളും അതിൽ എടുത്ത നടപടികളും വ്യക്തമാക്കി കോളജ് പ്രിൻസിപ്പൽമാർ അഞ്ചാം തീയതിക്കു മുൻപായി വൈസ് ചാൻസലർക്കു റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ടുകൾ സമാഹരിച്ചു വൈസ് ചാൻസലർ എല്ലാ മാസവും ഗവർണർക്കും റിപ്പോർട്ട് നൽകണം.
പഠനം മുടങ്ങും; പിഴ വീഴും
റാഗിങ് കേസിൽ പ്രതികളായ പലരുടെയും പഠനം അവിടെ അവസാനിക്കുകയാണു പതിവ്. റാഗിങ് കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ 2 മാസം മുതൽ 2 വർഷം വരെ സസ്പെൻഡ് ചെയ്യാനോ കോളജിൽ നിന്നു പുറത്താക്കാനോ റാഗിങ് വിരുദ്ധ കമ്മിറ്റിക്ക് അധികാരമുണ്ട്. പൊലീസ് കേസിൽ 10,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ പിഴയും ചുമത്തപ്പെടാം.
ഹെൽപ്‍ലൈനിൽ വിളിക്കാം
24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി റാഗിങ് ഹെൽപ്‌ലൈൻ: 1800–180–5522
ഇ മെയിൽ–helpline@antiragging.in
നേരിട്ടും പരാതിപ്പെടാം
കോളജുകളിലെ റാഗിങ് വിരുദ്ധ സെല്ലുകൾ വഴിയല്ലാതെ വിദ്യാർഥികൾക്കു നേരിട്ട് യുജിസിക്കു പരാതി നൽകാം. 18001805522 എന്ന ടോൾ ഫ്രീ നമ്പറിൽ ഏതു ഭാഷയിലും പരാതി പറയാം. യുജിസി ഈ പരാതി സർവകലാശാല വൈസ് ചാൻസലർ, കോളജ് പ്രിൻസിപ്പൽ, ജില്ലാ പൊലീസ് മേധാവി, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എന്നിവർക്ക് അയയ്ക്കും.