അശ്ലീല പരാമർശം: യുട്യൂബർ അലാബാദിയ ഇന്ന് ഹാജരാകണമെന്ന് വീണ്ടും നോട്ടിസ്

Mail This Article
മുംബൈ ∙ അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ യുട്യൂബർ രൺവീർ അലാബാദിയയോട് ഇന്ന് മുംബൈയിലെ ഖാർ സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകി. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും നോട്ടിസ് നൽകിയത്. മാധ്യമങ്ങളെ ഭയന്നാണ് വരാത്തതെന്നാണ് രൺവീർ വ്യക്തമാക്കിയത്. ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞു.
കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് റിയാലിറ്റി ഷോയിൽ അലാബാദിയയുടെ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട് ഇൻഫ്ലുവൻസർമാരായ അപൂർവ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുൾപ്പെടെ 7 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷോയിൽ പങ്കെടുത്തവരടക്കം 40 പേർക്ക് സൈബർ പൊലീസ് നോട്ടിസ് നൽകി. സമയ് റെയ്ന നിലവിൽ യുഎസിലാണെന്നും പൊലീസിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബിജെപി നേതാവ് മൃണാൾ പാണ്ഡെ നൽകിയ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അലാബാദിയയ്ക്കെതിരെ മുംബൈ പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ ഇയാൾക്കെതിരെ രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യുട്യൂബർ അലബാദിയയ്ക്കെതിരെ കേസെടുത്തു. ഗുവാഹത്തി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് സംഘം മുംബൈ സൈബർ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ശിവസേനാ എംപി നരേഷ് മാസ്കെ പാർലമെന്റിൽ ആവശ്യപ്പെട്ടു.