മുഖ്യമന്ത്രിക്കസേര എത്തി, ആളെത്തിയില്ല; രാംലീല മൈതാനിയിൽ ഒരുലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തൽ, സത്യപ്രതിജ്ഞ 20ന് ?

Mail This Article
ന്യൂഡൽഹി ∙ മുഖ്യമന്ത്രിക്കസേര എത്തി, അതിലിരിക്കേണ്ട ആളുടെ പേരിനായാണ് ഡൽഹിയുടെ കാത്തിരിപ്പ്. ന്യൂഡൽഹി രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. 2 മണിക്കൂർ സമയമുണ്ടെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന വേദി തയാറാകുമെന്ന് കരാറുകാരൻ പറയുന്നു. 20ന് വൈകിട്ട് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രിയുടെ പേര് ഇപ്പോഴും ബിജെപിക്ക് കീറാമുട്ടിയായി തുടരുകയാണ്. പാർട്ടി നിയമസഭാ കക്ഷിയോഗം ഇന്നലെ ചേരാനായിരുന്നു ഏറ്റവുമൊടുവിൽ തീരുമാനിച്ചിരുന്നത്. സമവായമില്ലാത്തതിനാൽ യോഗം നാളത്തേക്ക് മാറ്റി. 20ന് രാവിലെ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ച് വൈകിട്ടുതന്നെ സത്യപ്രതിജ്ഞാച്ചടങ്ങ് നടത്താനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.
രാംരീല ഒരുങ്ങി
ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന പന്തലാണ് രാംലീല മൈതാനത്ത് തയാറാക്കുന്നത്. കസേരകളും പന്തൽ സാമഗ്രികളും എത്തിക്കഴിഞ്ഞു. മൈതാനത്തെ കുഴികൾ മണ്ണിട്ടു നികത്തിയും പൊടി കുറയ്ക്കാൻ വെള്ളം തളിച്ചും വഴികൾ ചെത്തിയൊരുക്കിയും ജോലികൾ പുരോഗമിക്കുന്നു.
ഡൽഹിക്ക് പുറമേ ഫരീദാബാദിൽനിന്നും ഗാസിയാബാദിൽനിന്നും ബസിൽ പ്രവർത്തകരെ എത്തിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ബസുകൾ പാർക്കു ചെയ്യാനുള്ള സ്ഥലവും പ്രവർത്തകർക്ക് മൈതാനത്ത് എത്താനുള്ള വഴികളും ഇപ്പോഴേ തരം തിരിച്ചുകഴിഞ്ഞു. വലിയ സ്റ്റേജാണ് മൈതാനത്ത് സ്ഥാപിക്കുക. സ്റ്റേജിലേക്ക് 20 സോഫകളാണ് എത്തിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ ഭാവി മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാർക്കും വേദിയിൽ സ്ഥാനമുണ്ടാകും എന്നാണ് കരുതുന്നത്.
3 ഭാഗമായാണ് വേദി തിരിക്കുന്നത്. ഏറ്റവും മുന്നിലെ 4 നിര വിവിഐപികൾക്കായി പ്രത്യേകം കസേരയിട്ട് തിരിക്കും. അതിനുപിന്നിൽ മാധ്യമപ്രവർത്തകരും പുറകിൽ പാർട്ടി പ്രവർത്തകരും അണിനിരന്നേക്കും. ന്യൂഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിനെ അട്ടിമറിച്ച് വിജയം നേടിയ പർവേശ് വർമയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനി. മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി ഉയർത്തിക്കാണിക്കുന്നു. വനിതാ മുഖ്യമന്ത്രിയാണെങ്കിൽ രേഖ ഗുപ്ത, ശിഖ റോയ് എന്നിവരിൽ ഒരാൾക്ക് നറുക്ക് വീണേക്കും.