ജനതാദൾ എസിനെ നയിക്കാൻ നിഖിൽ ഗൗഡ; ദേവെഗൗഡ കുടുംബത്തിലെ പിന്മുറക്കാരന്റെ സ്ഥാനാരോഹണം മേയിൽ

Mail This Article
ബെംഗളൂരു ∙ ദേവെഗൗഡ കുടുംബത്തിലെ പിന്മുറക്കാരൻ നിഖിൽ ഗൗഡയെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കാൻ മേയിൽ വമ്പൻ കൺവൻഷൻ നടത്താൻ ജനതാദൾ എസ് അരങ്ങൊരുക്കുന്നു. ചന്നപട്ടണ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കാലിടറിയ പൗത്രൻ നിഖിലിനെ പാർട്ടിയുടെ താക്കോൽ സ്ഥാനത്ത് നിയോഗിച്ച് രാഷ്ട്രീയമായി കൈപിടിച്ചുകയറ്റാനുള്ള നീക്കത്തിനു ചുക്കാൻ പിടിക്കുന്നത് ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയാണ്.
സ്ഥാനാരോഹണ കൺവൻഷനു മണ്ഡ്യ, മൈസൂരു, തുമക്കൂരു എന്നിവിടങ്ങളിൽ എവിടെയെങ്കിലും വേദിയൊരുക്കും. അതു സംബന്ധിച്ച ആലോചനായോഗം മാർച്ച് 6ന് നിലവിലെ സംസ്ഥാന പ്രസിഡന്റ് കൂടിയായ കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ചേരും. ദേവെഗൗഡ കുടുംബത്തിനു പുറത്തേക്ക് അധികാര സ്ഥാനങ്ങൾ പങ്കുവയ്ക്കില്ലെന്ന നിലപാടിന്റെ ഒടുവിലെ ഉദാഹരണമാണ് യുവജനതാദൾ സംസ്ഥാന അധ്യക്ഷൻ കൂടിയായ നിഖിലിന്റെ സ്ഥാനാരോഹണം.
കുമാരസ്വാമിക്കു പാർട്ടിക്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം തികയുന്നില്ലെന്നതാണ് നിഖിലിനെ പാർട്ടിയുടെ ചുമതല ഏൽപിക്കാൻ ദേവെഗൗഡ കണ്ടെത്തിയ ന്യായം. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ ഒഴിവുവന്ന ചന്നപട്ടണയിൽ കോൺഗ്രസിന്റെ സി.പി. യോഗേശ്വറിനോടു പരാജയപ്പെട്ടതു മുതൽ നിഖിലിന്റെ രാഷ്ട്രീയഭാവി സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നിരുന്നു.