‘ആ 2 പേരെ കേസിൽനിന്ന് ഒഴിവാക്കിയത് ഉന്നത ഇടപെടലിൽ, മരണം വരെ പോരാടും’; സിദ്ധാർഥന്റെ മരണത്തിന് ഒരാണ്ട്

Mail This Article
കൽപറ്റ∙ മനഃസാക്ഷിയെ ഞെട്ടിച്ച റാഗിങ് ക്രൂരതയ്ക്ക് ഇരയായി വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം. കേസിൽ സിബിഐ അന്വേഷണം നടക്കുന്നതിനിടെ കോട്ടയം ഗവ.നഴ്സിങ് കോളജിലും സമാനരീതിയിൽ വിദ്യാർഥികൾ റാഗിങ്ങിനിരയായി. മൂന്നു ദിവസത്തോളം പട്ടിണിക്കിട്ട് സിദ്ധാർഥനെ മർദിച്ചു. മർദനം സഹിക്കാനാകാതെ സിദ്ധാർഥൻ ആത്മഹത്യ ചെയ്തു. സാധാരണ ആത്മഹത്യയായാണ് പൊലീസ് കേസെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് മരണത്തിൽ ദുരൂഹത കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. സിദ്ധാർഥൻ മരിച്ച് ഒരു വർഷമായിട്ടും സിബിഐ ഏറ്റെടുത്തിട്ടും കേസ് എവിടെയും എത്തിയിട്ടില്ല. സിദ്ധാർഥന്റെ അച്ഛനും അമ്മയും കുറ്റക്കാർക്ക് ശിക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതി കയറി ഇറങ്ങുകയാണ്. ജനുവരി അവസാനം, പ്രതികൾക്ക് കോളജിൽ തുടർപഠനത്തിന് അവസരം ഒരുങ്ങിയപ്പോഴും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങേണ്ടി വന്നു. സിദ്ധാർഥന്റെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്ന് പറയുകയും പ്രതികൾക്ക് വേണ്ട സഹായം ചെയ്തു നൽകുകയും ചെയ്യുന്ന നിലപാട് സർക്കാർ തുടരുകയാണ്. അതിന്റെ പരിണിത ഫലമാണ് കോട്ടയം ഗവ.നഴ്സിങ് കോളജിൽ കണ്ടത്.
∙ ‘മരണം വരെ പോരാടും’
തുടക്കം മുതൽ ഇതുവരെ പ്രതികൾക്ക് അനുകൂലമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിദ്ധാർഥന്റെ അമ്മ എം.ആർ. ഷീബ മനോരമ ഓൺലൈനോട് പറഞ്ഞു. ‘‘നമുക്ക് അനുകൂലമായി ഒന്നും ചെയ്യുന്നില്ല. ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരികെ എടുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനും തുടർപഠനം അനുവദിക്കുന്നതിനും നീക്കം നടക്കുന്നു. ഇതിനെല്ലാം എതിരെ ഞങ്ങൾ കോടതിയിൽ പോകേണ്ടി വരുന്നു. രണ്ടു പേർ കൂടി കേസിൽ ഉൾപ്പെടാനുണ്ട്. നിലവിൽ 18 പേരാണ് പ്രതികൾ. 20 പേരാണ് മരണത്തിന് ഉത്തരവാദികൾ. ഉന്നത ഇടപെടലുകൾ കൊണ്ടാണ് രണ്ടു പേരെ കേസിൽനിന്ന് ഒഴിവാക്കിയത്. ഇവരെക്കൂടി പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് കോടതിയിലുണ്ട്. മകൻ ആത്മഹത്യ ചെയ്തതല്ല, കൊലപാതകമാണ്. കോട്ടയത്തുണ്ടായ സംഭവത്തിൽ ഭാഗ്യം കൊണ്ട് രക്ഷിതാക്കൾക്ക് കുഞ്ഞിനെ തിരികെ കിട്ടി. സിദ്ധാർഥന്റെ മരണത്തിനു കാരണക്കാരായ ഓരോ പ്രതികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു മരണം വരെ പോരാടും.’’– ഷീബ പറഞ്ഞു.

∙ കോടതി കയറി കുടുംബം
എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാൻ ലോക്കൽ പൊലീസ് ആദ്യഘട്ടത്തിൽ പരമാവധി ശ്രമിച്ചു. പരാതിയും പ്രതിഷേധവും ഉയർന്നതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. മൃഗീയമായ പീഡനത്തിനു സിദ്ധാർഥൻ ഇരയായെന്ന് തെളിഞ്ഞു. ഒന്നും അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു വാർഡനും ഡീനുമെല്ലാം. ഒടുവിൽ ഗർണർ ഇടപെട്ടതോടെ വിസി ഉൾപ്പെടെയുള്ളവരുടെ കസേര തെറിച്ചു. വിദ്യാർഥികളെ ക്യാംപസിൽനിന്നു പുറത്താക്കുകയും മൂന്നു വർഷത്തേക്ക് പഠനം നിഷേധിക്കുകയും ചെയ്തു. എന്നാൽ അതിനെയെല്ലാം തകിടം മറിക്കുന്ന കാഴ്ചയാണുണ്ടാകുന്നത്. ക്രൂരമായി പീഡിപ്പിച്ച് സഹപാഠിയെ മരണത്തിലേക്ക് തള്ളിവിട്ടവർക്ക് നിർബാധം പഠനം തുടരാനുള്ള സാഹചര്യമൊരുക്കാനാണ് ശ്രമം. സിദ്ധാർഥന്റെ മാതാപിതാക്കൾ മരണം വരെ പോരാടാൻ ഇറങ്ങിത്തിരിച്ചതുകൊണ്ടുമാത്രമാണ് ഇപ്പോഴും പ്രതികൾക്ക് പഠനം തുടരാൻ സാധിക്കാതെ വന്നത്.
ഇ.കെ. സൗദ് റിസാൽ, എ.അൽത്താഫ്, വി. ആദിത്യൻ, എം. മുഹമ്മദ് ദാനിഷ്, രെഹൻ ബിനോയ്, സിൻജോ ജോൺസൻ, എൻ. ആസിഫ് ഖാൻ, അമൽ ഇഷാൻ, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ജെ. അജയ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, ഡോൺസ് ഡായി, ആർ.എസ്. കാശിനാഥൻ, അമീൻ അക്ബർ അലി, കെ. അരുൺ എന്നിവർക്കാണ് തുടർ പഠനത്തിനു ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. ഷീബയുെട ഹർജിയെത്തുടർന്ന് ഇതു ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു.

നേരത്തെ 17 വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർവകലാശാല നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അതിനാൽ ഡീബാർ ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. വിദ്യാർഥികൾക്ക് മറ്റേതെങ്കിലും കോളജിൽ പ്രവേശനം നേടുന്നതിനുള്ള 3 വർഷത്തെ വിലക്കും കോടതി നീക്കിയിരുന്നു. പ്രതികളെ സഹായിക്കുന്ന സർക്കാർ നിലപാടാണ് കോടതിയിൽ നിന്ന് പ്രതികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നതെന്നാണ് സിദ്ധാർഥന്റെ കുടുംബം പറയുന്നത്.
∙ ക്രൂര മർദനം, നഗ്നനാക്കി പരസ്യ വിചാരണ
ഫെബ്രുവരി 15ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരികെ ക്യാംപസിലേക്ക് വിളിച്ചു വരുത്തിയാണ് മർദിച്ചത്. 16ന് രാവിലെ ക്യാംപസിൽ എത്തിയതുമുതൽ സിദ്ധാർഥൻ മർദനമേൽക്കുകയായിരുന്നെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ക്യംപസിന്റെ പല ഭാഗത്തും കൊണ്ടുപോയി മർദിച്ചു. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന സിദ്ധാർഥനെ മറ്റു വിദ്യാർഥികൾ നോക്കിനിൽക്കെ പരസ്യ വിചാരണ ചെയ്തു. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് നിർബന്ധിച്ച് മാപ്പ് പറയിപ്പിച്ചു. അവിടെ വച്ചും സംഘം ഉച്ചത്തിൽ അലറുകയും സിദ്ധാർഥനെ ക്രൂരമായി മർദിക്കുകയും ചെയ്തു. കൈയും ബെൽറ്റും ചില ഇലക്‌ട്രോണിക് ഉപകരണത്തിന്റെ ചാർജർ വയറുകളും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തു. സിന്‍ജോ ജോണ്‍സനാണ് ക്രൂരമായാണ് മർദിച്ചത്. കാലു കൊണ്ട് നെഞ്ചിലും പുറത്തും പലതവണ ചവിട്ടി. സിദ്ധാർഥന്റെ വിരലുകൾ തറയിൽ വച്ച് കാൽ കൊണ്ട് ഞെരിച്ചു. ഒടുവിൽ ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ വിദ്യാർഥികൾ കണ്ടെത്തി. തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് മാതാപിതാക്കൾ.

∙ സംരക്ഷണം പ്രതികൾക്ക്
സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായവരെ ഏറെ ദിവസങ്ങൾക്കൊടുവിലാണ് പൊലീസ് പിടികൂടുന്നത്. കേസിന്റെ തുടക്കം മുതൽ പൊലീസ് പ്രതികൾക്കൊപ്പം നിന്നു. എസ്ഫ്ഐയും ഇടതു സംഘടനകളും മാത്രം പ്രവർത്തിക്കുന്ന ക്യാംപസിൽ, പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കാൻ ജില്ലയിലെ നേതാക്കൾ ഉൾപ്പെടെ ഇടപെട്ടുവെന്ന് പിന്നീട് വ്യക്തമായി. അതേ ഇടപെടൽ ഇപ്പോഴും തുടരുന്നുവെന്നാണ് സിദ്ധാർഥന്റെ മാതാപിതാക്കൾ പറയുന്നത്. ഇവരെ മാതൃകാപരമായി ശിക്ഷിച്ചിരുന്നെങ്കിൽ കോട്ടയത്തെ നഴ്സിങ് കോളജിലെ കുട്ടികൾക്ക് ഈ ദുർഗതി ഉണ്ടാകുമായിരുന്നില്ല. ഭരണ കക്ഷിയുടെ പിന്തുണയും വിദ്യാർഥികൾ എന്ന പരിഗണനും നൽകി ക്രിമിനലുകളെയാണ് വളർത്തി വലുതാക്കുന്നതെന്നാണ് കോട്ടയത്ത് റാഗിങ്ങിനിരയായവരുടെ മാതാപിതാക്കൾ ഉൾപ്പെടെ പറയുന്നത്.
