പുതു സാമ്പത്തിക വർഷത്തിൽ ‘ഗ്രേറ്റ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ’; ജപ്പാനെ പിന്തള്ളി 4-ാം സ്ഥാനത്തേക്ക്

Mail This Article
കൊച്ചി ∙ 2025 – 26 സാമ്പത്തിക വർഷത്തിന് ഇന്നു തുടക്കമാകുമ്പോൾ ലോകമാകെ ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്ക്. വർഷാവസാനത്തോടെ ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയരുമെന്ന അനുമാനമാണു കാരണം. ഇന്ത്യയിലേതാണ് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നതാണ് അനുമാനത്തിന് അടിസ്ഥാനം. നിലവിൽ യുഎസ്, ചൈന, ജർമനി, ജപ്പാൻ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യ.
സാമ്പത്തിക വളർച്ചയിൽ ഇന്ത്യ കൈവരിച്ചിരിക്കുന്ന അതിവേഗത്തിന്റെ അളവു ബോധ്യപ്പെടാൻ കഴിഞ്ഞ 10 വർഷത്തെ നേട്ടം മതിയാകും. 105 ശതമാനമാണു നേട്ടം. ഈ കാലയളവിൽ യുഎസ് സമ്പദ്‌വ്യവസ്ഥ കൈവരിച്ച വളർച്ച 66% മാത്രം. ചൈനയുടെ വളർച്ചയാകട്ടെ 44 ശതമാനത്തിലൊതുങ്ങി. ജർമനിയിലെയും ജപ്പാനിലെയും സമ്പദ്‌വ്യവസ്ഥ കാര്യമായ വളർച്ച കൈവരിച്ചതേയില്ല.

ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 6.5 ശതമാനമായിരിക്കുമെന്നാണ് ഏൺസ്റ്റ് ആൻഡ് യങ്, എസ് ആൻഡ് പി ഗ്ലോബൽ തുടങ്ങി വിവിധ ഏജൻസികളുടെ പൊതുവായ അനുമാനം.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business