‘ടൗൺഷിപ്പ് നിർമാണം ഈ മാസം, ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനുള്ളിൽ; ആയിരം രൂപയുടെ കാര്‍ഡ് നല്‍കും’

Mail This Article
തിരുവനന്തപുരം ∙ മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഷിപ്പ് നിര്‍മാണം ഈ മാസം തുടങ്ങുമെന്നും റവന്യൂമന്ത്രി കെ. രാജന്. പുഞ്ചിരിമട്ടം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കലിന്റെ വേഗത കുറഞ്ഞോ എന്ന ആശങ്ക അസ്ഥാനത്താണ്. ഭൂമി ഏറ്റെടുക്കല്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. എസ്റ്റേറ്റുകളുടെ സര്‍വേ, മണ്ണ് പരിശോധന എന്നിവ പൂര്‍ത്തിയായി. ഗുണഭോക്തൃപട്ടിക രണ്ടാഴ്ചയ്ക്കകം അന്തിമമാകുമെന്നും മന്ത്രി അറിയിച്ചു.
ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ ഒരു കാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വളരെവേഗം ടൗൺഷിപ്പുമായി മുന്നോട്ടുപോകും. ടൗണ്‍ഷിപ്പിനുവേണ്ടി ടോപ്പോഗ്രഫിക്കല്‍, ജിയോഗ്രഫിക്കല്‍, ഹൈട്രോഗ്രഫിക്കല്‍ പരിശോധനകളും ഫീല്‍ഡ് വിസിറ്റും മണ്ണ് പരിശോധനയും പൂര്‍ത്തിയായി. ദുരന്തത്തില്‍ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെട്ടവരുടെ പേരുകളാണ് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റുകളില്‍ പരാതി നല്‍കാനുള്ള അവസരം മാര്‍ച്ച് 13 വരെയുണ്ട്. രണ്ടാഴ്ചക്കകം ലിസ്റ്റ് അന്തിമമാക്കാനാകും. നേരത്തേ ഓരോ വീടിനും അഞ്ച് സെന്റ് ഭൂമി വീതമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിലവില്‍ ഏഴുസെന്റ് ഭൂമി നല്‍കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സ്പോണ്‍സര്‍മാര്‍ 20 ലക്ഷം രൂപ വീതം നല്‍കും. ബാക്കി തുക സര്‍ക്കാര്‍ വഹിക്കും. പുഞ്ചിരിമട്ടം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും നിര്‍മിക്കും. ദുരന്തബാധിതര്‍ക്ക് മുന്നൂറ് രൂപവീതം നല്‍കിവരുന്ന സഹായം ഒന്പതുമാസത്തേക്കുകൂടി നീട്ടിനല്കാന് ആലോചനയുണ്ട്. ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു പകരമായി സപ്ലൈകോയില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നതിനായി ആയിരം രൂപയുടെ കാര്‍ഡ് നല്‍കും. ടൗണ്‍ഷിപ്പ് ഒഴികെ എല്ലാ പരിഗണനയും വിലങ്ങാടിനും നല്‍കും. ഇതിനായി ഉടനെതന്നെ ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളും. ദുരന്തബാധിതര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതില്‍ തുറന്ന മനസ്സാണ് സര്‍ക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും തുറന്ന ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.