പിണറായിക്ക് ഇളവ്, എം.വി. ഗോവിന്ദൻ തുടർന്നേക്കും; സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ പതാക ഉയരും

Mail This Article
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ കൊല്ലത്തു പതാക ഉയരും. നേതൃത്വത്തിന്റെ 75 വയസ് പ്രായപരിധി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സജീവമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ വീണ്ടും ഇളവു നല്‍കുമെന്നാണ് സൂചന. അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും തുടരും. എം.വി. ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തുടരുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇ.പി. ജയരാജന് കേന്ദ്രകമ്മിറ്റിയില്‍ തുടരുന്ന കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ആത്മകഥാ വിവാദവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജില്ലാ സമ്മേളനങ്ങളിൽ ചര്‍ച്ചയായിരുന്നു. രണ്ടു ടേം മത്സരിച്ചവര്‍ക്കു വീണ്ടും സീറ്റ് നല്‍കേണ്ടതില്ല എന്നു മുന്‍പ് തീരുമാനിച്ചിരുന്നു. ഇതില്‍ മാറ്റം വരുത്തുമോ എന്നതുള്‍പ്പെടെ ഉറ്റുനോക്കുന്ന വിഷയമാണ്. സംസ്ഥാന കമ്മിറ്റിയിലേക്ക് 75 വയസ്സ് എന്ന പ്രായപരിധി കര്‍ശനമായി പാലിക്കുമെന്ന് എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കു കടക്കുന്നത്. വിഭാഗീയതയുടെ കനലുകള്‍ ഏതാണ്ട് അണഞ്ഞ പാര്‍ട്ടിയില്‍ നിലവില്‍ അത്തരം ‘ഭീഷണി’കളില്ല. തുടര്‍ ഭരണത്തിന്റെ വിലയിരുത്തലും വരാന്‍ പോകുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഗൃഹപാഠവും ആകും സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ബ്രൂവറി വിഷയത്തിലും ടോള്‍ പിരിവിലും സ്വകാര്യ സര്‍വകലാശാല വിഷയത്തിലും സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയുടെ നയവ്യതിയാനമായി വിലയിരുത്തപ്പെടുന്നതും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ബിജെപി സര്‍ക്കാര്‍ ഫാഷിസ്റ്റ് സര്‍ക്കാരല്ല എന്ന നിലപാട് സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ട്. മൂര്‍ത്തമായ സാഹചര്യത്തില്‍ നടപ്പാക്കുന്ന കാലോചിതമായ മാറ്റങ്ങള്‍ എന്നാണ് സിപിഎം നേതൃത്വം ഇക്കാര്യങ്ങളെ വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ അണികളെ കൂടി ബോധ്യപ്പെടുത്തി മുന്നോട്ടുപോകാനുള്ള നയപരിപാടികളാവും പാര്‍ട്ടി മുന്നോട്ടു വയ്ക്കുക.
അഞ്ചിനു വൈകിട്ട് അഞ്ചിന് ആശ്രാമം മൈതാനിയില്‍ സംസ്ഥാന സമ്മേളനത്തിന് കൊടിയുയരും. ആറിനു രാവിലെ 10ന് സി. കേശവന് സ്മാരക ടൗണ്‍ ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം പൊളിറ്റ്ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പിബി അംഗങ്ങളായ പിണറായി വിജയന്, എം.എ. ബേബി, ബി.വി. രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ.വിജയരാഘവന്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും. 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര് വനിതകളാണ്. സമ്മേളനത്തിനു സമാപനം കുറിച്ച് ഒമ്പതിനു വൈകിട്ട് ആശ്രാമം മൈതാനത്ത് ചുവപ്പുസേനാംഗങ്ങളുടെ പരേഡും ബഹുജനറാലിയും നടക്കും.