സര്‍വകലാശാല നിയമഭേദഗതിക്ക് വഴങ്ങി ഗവര്‍ണര്‍; രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി

Mail This Article
തിരുവനന്തപുരം∙ സര്‍വകലാശാല നിയമ ഭേദഗതി രണ്ടാം ബില്ലിന് മുന്‍കൂര്‍ അനുമതി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണു നിയമസഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയത്. നേരത്തേ മുൻകൂർ അനുമതി നൽകാത്തതിനാൽ ഈ ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഇത് സംബന്ധിച്ചു ഗവർണർക്ക് വിശദീകരണം നൽകുകയും ചെയ്തു. ഇതിനുപിന്നാലെയാണു ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നൽകിയത്. ഈ മാസം 20നായിരിക്കും ബില്ലിന്‍റെ അവതരണം.
ചാൻസലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്കു കൂടുതൽ അധികാരം നൽകുന്നു തുടങ്ങിയ പരാതികളാണു ബില്ലിനെതിരെ ഉയർന്നിരുന്നത്. സർവകലാശാലകളെ സിൻഡിക്കറ്റിലെ മേധാവിത്വം ഉപയോഗിച്ചു രാഷ്ട്രീയമായി വരുതിയിലാക്കാനുള്ള ശ്രമമാണു സർവകലാശാലാ നിയമഭേദഗതി ബില്ലിലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
കേരള, കാലിക്കറ്റ് ഒഴികെ, 1984നു ശേഷം രൂപീകരിച്ച എല്ലാ സർവകലാശാലകളിലും യുജിസി മാതൃകാ ചട്ടപ്രകാരം നാമനിർദേശം ചെയ്യപ്പെട്ട സിൻഡിക്കറ്റുകളാണുള്ളത്. ഇതിനു പകരം എംജി, കുസാറ്റ്, കണ്ണൂർ, കാലടി, മലയാളം, സാങ്കേതിക സർവകലാശാലകളിൽ കൂടി തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കറ്റ് രൂപീകരിക്കാൻ ഭേദഗതി കൊണ്ടുവരുന്നതു ഭരണം മാറിയാലും സർവകലാശാലകൾ കൈപ്പിടിയിലൊതുക്കാനാണ് എന്നാണ് ആക്ഷേപം.