‘ജസ്റ്റിസ് എ.ബദറുദീൻ മാപ്പു പറയുന്നതു വരെ അദ്ദേഹത്തിന്റെ കോടതി ബഹിഷ്കരിക്കും’: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ

Mail This Article
കൊച്ചി ∙ ജസ്റ്റിസ് എ.ബദറുദീൻ മാപ്പു പറയുന്നതു വരെ അദ്ദേഹത്തിന്റെ കോടതി ബഹിഷ്കരിക്കുമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. ഇക്കാര്യം വ്യക്തമാക്കി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന് കത്തു നൽകി. ഇന്നലെ കോടതിയിൽ ഹാജരായ വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചുവെന്നാണ് അഭിഭാഷകരുടെ ആക്ഷേപം. ഇന്നു ചേർന്ന അസോസിേയഷന്റെ ജനറൽ ബോഡി യോഗമാണ് ജസ്റ്റിസ് എ.ബദറുദീൻ തുറന്ന കോടതിയിൽ ക്ഷമാപണം നടത്തുന്നതു വരെ അദ്ദേഹത്തിന്റെ 1ഡി കോടതി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. അഭിഭാഷകർ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ ഇന്ന് ജസ്റ്റിസ് ബദറുദീന്റെ സിറ്റിങ് ഉണ്ടായിരുന്നില്ല.
ജനുവരി ആദ്യം അന്തരിച്ച അഭിഭാഷകന്‍ കൈകാര്യം ചെയ്തിരുന്ന കേസ് ഏറ്റെടുത്ത ഹൈക്കോടതി അഭിഭാഷക കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ ഇന്നലെ ജസ്റ്റിസ് ബദുറുദീന്റെ കോടതിയിൽ ഹാജരായിരുന്നു. ഈ സമയത്തുണ്ടായ സംഭവവികാസങ്ങളെ ചൊല്ലിയാണ് പ്രതിഷേധം തുടങ്ങിയത്. ഭർത്താവ് മരിച്ചതിനാൽ കേസിൽ താനാണു ഹാജരാകുന്നതെന്നും ഇതിന്റെ വക്കാലത്ത് ഫയൽ ചെയ്യാൻ കൂടുതൽ സമയം അനുവദിക്കണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകൻ അന്തരിച്ചുവെന്നു പറഞ്ഞ കാര്യം പോലും ശ്രദ്ധിക്കാതെ കേസിൽ വാദം നടത്താൻ ജസ്റ്റിസ് ബദറുദീൻ നിർബന്ധിച്ചു എന്നും അപമാനിക്കുന്ന രീതിയിൽ സംസാരമുണ്ടായി എന്നും അസോസിയേഷൻ ചീഫ് ജസ്റ്റിസിനു നൽകിയ കത്തില്‍ പറയുന്നു.
അസോസിയേഷൻ ജനറൽ ബോഡി ചേർന്ന് ജസ്റ്റിസ് ബദറുദീൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നു താൻ ചേംബറിൽ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീൻ അറിയിച്ചതായി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. എന്നാൽ സംഭവം ഉണ്ടായതു തുറന്ന കോടതിയിൽ ആയതിനാൽ അവിടെത്തന്നെ മാപ്പു പറയണം എന്നാണ് അസോസിയേഷന്റെ ആവശ്യം. തുടർന്ന് അസോസിയേഷൻ അദ്ദേഹത്തിന്റെ കോടതി ബഹിഷ്കരിച്ചു. ജഡ്ജിയും അഭിഭാഷകരും തമ്മില്‍ മുമ്പും അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ക്ഷമാപണത്തിൽ അത് അവസാനിപ്പിക്കാറാണ് പതിവ്. ഇവിടെ ജസ്റ്റിസ് ബദറുദീൻ മാപ്പു പറഞ്ഞാൽ അഭിഭാഷക സമൂഹം അതു സ്വീകരിച്ചു മുന്നോട്ടു പോകാൻ ഒരുക്കമാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
അതിനൊപ്പം കോടതി നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി നടപടികൾ വീഡിയോ സ്ട്രീമിങ് നടത്തുന്നത് റിക്കോർഡ് ചെയ്യണമെന്നും അസോസിയേഷൻ ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചു. രാജ്യത്ത് തന്നെ ഏറ്റവുമാദ്യം ഇ–ഫയലിങ്ങും വെർച്വൽ കോടതിയും ആരംഭിച്ചത് കേരള ഹൈക്കോടതിയാണെങ്കിലും ‘സുതാര്യത’ ഇതുവരെ പൂർണമായി ഉറപ്പാക്കാനായിട്ടില്ല എന്ന് അസോസിയേഷൻ പറയുന്നു. ഈ കാര്യങ്ങളിലും അനുകൂല തീരുമാനമുണ്ടാകണമെന്നാണ് അസോസിയേഷൻ ചീഫ് ജസ്റ്റിസിനു നൽകിയ കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്.