15 കാരിയേയും 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ ഹൈക്കോടതി

Mail This Article
കൊച്ചി ∙ കാസർകോട് പൈവളിഗെയിൽ പതിനഞ്ചുകാരിയേയും അയൽവാസിയായ 42കാരനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാൻ ഉത്തരവിട്ട് ഹൈക്കോടതി. കേസ് ഡയറിയുമായി നാളെ ഹാജരാകാനാണു ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി.സ്നേഹലത എന്നിവരുെട നിർദേശം.
ഫെബ്രുവരി 12നാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു. പൊലീസ് കാലതാമസം വരുത്താതെ വേഗത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ തന്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നാണ് കുട്ടിയുടെ മാതാവ് വാദിച്ചത്. തുടർന്നാണ് ഇക്കാര്യങ്ങൾ പരിഗണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനോടു കേസ് ഡയറിയുമായി ഹാജരാകാൻ കോടതി ഇന്നു നിർദേശിച്ചത്.
ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലെ കേസ് ഡയറിയും ഒപ്പമുണ്ടാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദേശം നൽകി. പൈവളിഗെയിൽനിന്നു കാണാതായ പതിനഞ്ചുകാരിയേയും അയൽവാസിയായ പ്രദീപിനെയും കഴിഞ്ഞ ദിവസമാണ് വീടിനടുത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ടായിരുന്നു.