ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്തേക്ക് ഭക്തരുടെ ഒഴുക്ക്, ഒരുക്കങ്ങൾ പൂർണം

Mail This Article
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന 13ന് രാവിലെ 10.15നാണ് അടുപ്പുവെട്ട്. 9.45ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചാലുടനെ, തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും.
വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും ദീപം കൊളുത്തും. പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപമാണു ഭക്തരുടെ അടുപ്പുകളെ ജ്വലിപ്പിക്കുക. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
പൊങ്കാല സമർപ്പണം
മൺകലങ്ങളാണു പൊങ്കാല സമർപ്പണത്തിനു പ്രധാനമായും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തക്കലയ്ക്കു സമീപം മുട്ടയ്ക്കാട്, തലക്കുളം, നാഗർകോവിലിനു സമീപം ചുങ്കാൻകട, താഴക്കുടി എന്നിവിടങ്ങളിൽ നിന്നാണ് ഇവ എത്തിക്കുന്നത്. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മൺകലങ്ങൾ ഐശ്വര്യത്തിന്റെ പ്രതീകമായി വീടുകളിൽ സൂക്ഷിക്കും. ഒരെണ്ണം മുതൽ നൂറു കലങ്ങളിൽ വരെ പൊങ്കാല സമർപ്പിക്കാറുണ്ട്.
ചുടുകട്ടയും വിറകുമെല്ലാം വഴിയോര വിപണിയിൽ ലഭ്യമാണ്. ഇവ വീട്ടിൽനിന്നു കൊണ്ടുവരുന്നവരുമുണ്ട്. ഗണപതിക്ക് വയ്ക്കുക എന്ന ആചാരത്തിന് ശേഷമാണ് അടുപ്പ് ഒരുക്കുന്നത്. ശർക്കര പായസമാണ് പ്രധാന നിവേദ്യം. പത്തോളം വിഭവങ്ങൾ തയാറാക്കി ഭക്തർ ദേവിക്ക് നിവേദിക്കും. പണ്ടാര അടുപ്പ് ജ്വലിപ്പിച്ചതിന്റെ വിളംബരമായി ക്ഷേത്രത്തിനു സമീപം കരിമരുന്നു പ്രയോഗമുണ്ടാകും. പണ്ടാര അടുപ്പിൽനിന്ന് കത്തിച്ച അഗ്നി ഏറ്റുവാങ്ങി, സ്വന്തം അടുപ്പുകളിലേക്ക് പകരുന്ന മുഹൂർത്തം. ഒരാണ്ടുനീണ്ട കാത്തിരിപ്പിന് പ്രാർഥനകളോടെ അവസാനം.