‘സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണം; എല്ലാം കേന്ദ്രത്തിന്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ല’

Mail This Article
കോഴിക്കോട്∙ കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചാരണം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവയ്ക്കാൻ എല്ലാം കേന്ദ്രത്തിന്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം പണം നൽകാത്തതു കൊണ്ടാണ് ആശാ വർക്കർമാർക്ക് വേതനം കിട്ടാത്തതെന്ന വ്യാജ പ്രചാരണമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. നിർഭാഗ്യവശാൽ പ്രതിപക്ഷവും ഇതേവാദം ഏറ്റുപിടിച്ചു. പാർലമെന്റിൽ അവർ കേന്ദ്രത്തിനെതിരെ സമരം ചെയ്തു. യുഡിഎഫ് സമരം ചെയ്യേണ്ടത് സെക്രട്ടേറിയറ്റിനു മുമ്പിലാണ്. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് കേരളം നൽകുന്നില്ല, കൃത്യമായ കണക്കും നൽകുന്നില്ല. ഇത് ഫണ്ട് ലഭ്യതയ്ക്ക് തടസം സൃഷ്ടിക്കുകയാണ്. ദേശീയപാത നിർമാണത്തിന്റെ കാര്യത്തിലും കേരളത്തിന്റെ വിഹിതം ലഭിക്കുന്നില്ല. പൂർണമായും കേന്ദ്രഫണ്ടിലാണ് നിർമാണം നടക്കുന്നത്. എൻഎച്ച്എമ്മിന്റെ ഫണ്ടിൽ കേന്ദ്രവിഹിതം കൃത്യമായി ലഭിച്ചപ്പോൾ സംസ്ഥാനം വിഹിതം നൽകുന്നില്ല. അർബൻ പിഎംഎവൈ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചില്ല. ജൽ ജീവൻ മിഷൻ പോലെ പിഎംഎവൈയും മുടക്കിയത് സംസ്ഥാന സർക്കാരാണ്. ഇതൊന്നും ഇവിടുത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നില്ല.
കെ.വി.തോമസിനെ പോലെയുള്ളവരെ ഡൽഹിയിൽ നിയമിച്ച് സർക്കാർ ധൂർത്ത് നടത്തുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും കടൽമണൽ ഖനനത്തിനെതിരെ സമരം തുടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണ്? സംസ്ഥാന സർക്കാർ കടൽമണൽ ഖനനത്തിന്റെ ആഘാതം പരിശോധിക്കാൻ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? പിന്നെന്തിനാണ് ഇവർ സമരം നടത്തുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.