പൊങ്കാല ദേവിക്കുള്ള ആത്മസമർപ്പണം; ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനും ഓരോ ഫലങ്ങള്‍

Mail This Article
ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. മാർച്ച് 13 നാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാല അർപ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാർഥിച്ചാൽ ഫലം ഉറപ്പാണ്. തിളച്ചു മറിയുക എന്നാണ് പൊങ്കാല എന്ന വാക്കിനർഥം. തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമർപ്പണം പൂർണമാവുക. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനു ഓരോ ഫലങ്ങളാണ്.
കിഴക്കോട്ടു തിളച്ചു തൂവുന്നതാണ് ഏറ്റവും ഉത്തമം. കിഴക്കോട്ടു തൂകിയാൽ ആഗ്രഹിച്ചകാര്യം ഉടൻ നടക്കും. വടക്കോട്ടായാൽ കാര്യങ്ങൾ നടക്കാൻ അൽപം താമസം വരും. പടിഞ്ഞാറുഭാഗത്തേക്കാണെങ്കിൽ ആഗ്രഹ സാഫല്യത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. തെക്കോട്ടായാൽ ദുരിതവും ക്ലേശങ്ങളും മാറിയിട്ടില്ലാ എന്നാണ് അർഥം ദുരിത ശാന്തിക്കായി ദേവീഭജനം , നവഗ്രഹപ്രീതി, അവനവനാൽ കഴിയുന്ന വഴിപാടുകൾ എന്നിവ ഭക്തിപൂർവം അനുഷ്ഠിക്കുക.
പ്രധാന വഴിപാടായ പൊങ്കാല പായസത്തിന്റെ കൂടെ വെള്ളനിവേദ്യം, തെരളി , മണ്ടപ്പുറ്റ് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്. അഭീഷ്‌ടസിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം. ധനധാന്യസമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട. വിട്ടുമാറാത്ത തലവേദനയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുറ്റ്.