ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

Mail This Article
ആലപ്പുഴ ∙ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(13)യുമാണ് മരിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപം സ്കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലംമാറ്റമായിരുന്നു. ജോലി രാജിവച്ചു വിദേശത്തേക്കു പോകാൻ ഭർത്താവ് പ്രിയയെ നിർബന്ധിച്ചിരുന്നു. പിന്നീട് ഈ തീരുമാനത്തിൽ മാറ്റംവരുകയും വിവാഹ മോചന നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പ്രിയ മാനസികമായി തകർന്നിരുന്നെന്നും ആത്മഹത്യയിലേക്ക് നയിച്ചത് ഈ കാരണങ്ങളാകാമെന്നുമാണ് നാട്ടുകാർ പറയുന്നത്.
പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ പരീക്ഷ നടക്കുന്നതിനാൽ പ്രിയയ്ക്ക് ഏറെ ഉത്കണ്ഠ ഉണ്ടായിരുന്നു. ഇത് പ്രിയ പലരോടും പറയുകയും ചെയ്തിരുന്നു. വീട്ടിൽ അമ്മയും മകളും മാത്രമായിരുന്നു താമസം. അച്ഛനും അമ്മയും സഹോദരനും നേരത്തെ മരണപ്പെട്ടിരുന്നതിനാൽ തങ്ങൾക്ക് ആരുമില്ലെന്ന ആകുലതയും പലരോടും പങ്കുവച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)