നടി രന്യ പ്രതിയായ സ്വർണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ

Mail This Article
ബെംഗളൂരു∙ കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്തു കേസിൽ സിഐഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടു ദിവസങ്ങൾക്കുശേഷം പിൻവലിക്കുകയായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഉത്തരവ്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
രന്യയുടെ രണ്ടാനച്ഛൻ രാമചന്ദ്ര റാവു കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഡിജിപി റാങ്കിലുള്ള ഇദ്ദേഹത്തിന്റെ പങ്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും അതുകൊണ്ടാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്.
സ്വർണക്കടത്തിൽ പ്രോട്ടോക്കോൾ അവകാശങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും റാവുവിന് പങ്കുണ്ടോ എന്നും ഗുപ്ത അന്വേഷിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം, രന്യയുടെ സ്വർണക്കടത്ത് കേസിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നായിരുന്നു രാമചന്ദ്ര റാവുവിന്റെ പ്രതികരണം.