‘പ്രത്യാശ നൽകുന്നത്, പക്ഷേ പൂർണമല്ല; പുട്ടിനെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്’

Mail This Article
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വാക്കുകൾ ‘പ്രത്യാശ’ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘വളരെ പ്രത്യാശയേകുന്ന പ്രസ്താവനയാണു പുട്ടിന്റേത്. പക്ഷേ, പൂർണമല്ല. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. അത് (യുദ്ധം) വേഗത്തിൽ അവസാനിപ്പിക്കണം’’ എന്നും ട്രംപ് പറഞ്ഞു.
സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്നു പുട്ടിൻ പറഞ്ഞിരുന്നു. യുഎസ് ശുപാർശകൾ അംഗീകരിക്കുന്നുവെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും വ്യക്തമാക്കി. ഇതോടെയാണു യുക്രെയ്നിൽ സമാധാനത്തിനു സാധ്യത തെളിഞ്ഞത്.
വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും പുട്ടിൻ പറഞ്ഞു. ‘‘അന്തിമ കരാറിന്റെ ഒട്ടേറെ വിശദാംശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. റഷ്യ അംഗീകരിച്ചില്ലെങ്കിൽ ലോകത്തിനു വളരെ നിരാശാജനകമായ നിമിഷമാകും. ഞങ്ങൾ രഹസ്യമായി പ്രവർത്തിച്ചിട്ടില്ല. യുദ്ധാനന്തരം നിലനിർത്തുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥലങ്ങളെപ്പറ്റി യുക്രെയ്നുമായി ചർച്ച ചെയ്യുന്നുണ്ട്’’– ട്രംപ് വ്യക്തമാക്കി.
തുടർ ചർച്ചയ്ക്കു ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലെത്തി. പുട്ടിനും ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കു ട്രംപിനു പുട്ടിൻ നന്ദി പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാഷ്ട്രനേതാക്കൾ നൽകുന്ന പിന്തുണയ്ക്കും മോസ്കോയിൽ വാർത്താസമ്മേളനത്തിൽ പുട്ടിൻ നന്ദി അറിയിച്ചു.