‘അസമിൽ കോൺഗ്രസ് ഭരണകാലത്ത് മർദനത്തിന് ഇരയായി; 7 ദിവസം ജയിലിൽ കിടന്നു

Mail This Article
ഗുവാഹത്തി∙ അസമിൽ കോൺഗ്രസ് ഭരണകാലത്ത് താൻ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴു ദിവസം ജയിൽവാസം അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഡെറാഗണിലെ ലചിത് ബർഫുക്കൻ പൊലീസ് അക്കാദമി ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഹിതേശ്വർ സൈക്കിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുഭവം അമിത് ഷാ പങ്കുവച്ചത്.
‘‘അസമിൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഞാനും മർദനത്തിന് ഇരയായിട്ടുണ്ട്. ഹിതേശ്വർ സൈക്കിയ ആയിരുന്നു അന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കിയ സമയമായിരുന്നു. അന്ന് ഏഴു ദിവസം ജയിൽ ഭക്ഷണം കഴിച്ചു. രാജ്യത്തുടനീളമുള്ള ആളുകൾ അസമിനെ രക്ഷിക്കാൻ അണിചേർന്നു. ഇന്ന് അസം വികസനത്തിന്റെ പാതയിലാണ്.’’– അമിത് ഷാ പറഞ്ഞു.
പൊലീസ് അക്കാദമിക്ക് ലചിത് ബർഫുക്കന്റെ പേരു നൽകിയതിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയോട് അമിത് ഷാ നന്ദി അറിയിച്ചു. ‘‘അടുത്ത അഞ്ചു വർഷത്തിനിടെ ഈ പൊലീസ് അക്കാദമി രാജ്യത്തെ തന്നെ മികച്ച അക്കാദമിയായി മാറും. മുഗൾ സാമ്രാജ്യത്തിനെതിരെ ധീരമായി പോരാടിയ ലചിത് ബർഫുക്കന്റെ പേര് പൊലീസ് അക്കാദമിക്ക് നൽകിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നു.
ഒരുകാലത്ത് അസമിൽ മാത്രം അറിയപ്പെട്ടിരുന്ന ലചിത് ബർഫുക്കാന്റെ ആത്മകഥ ഇന്ന് 23 ഭാഷകളിൽ കുട്ടികളെ പഠിപ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.’’– അമിത് ഷാ അറിയിച്ചു. രണ്ടു തവണ അസം മുഖ്യമന്ത്രിയായിരുന്ന ആളാണ് ഹിതേശ്വർ സൈക്കിയ. 1983–1985വരെയും 1991–1996 വരെയുമായിരുന്നു ഇത്.