പരീക്ഷയിൽ മാർക്ക് കുറഞ്ഞു; കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യ ചെയ്ത് പിതാവ്

Mail This Article
അമരാവതി∙ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിലെ തൊഴിലാളിയായ 37 കാരനാണു മക്കളെ വെള്ളത്തിൽ മുക്കി കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആന്ധ്രാപ്രദേശിലെ കാക്കിനടയിലാണ് സംഭവം.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ കുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ‘‘ശക്തമായ മത്സരം നടക്കുന്ന ലോകത്ത് കുട്ടികൾ പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരുമെന്ന് അയാൾ ഭയപ്പെട്ടു. ആ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്’’ – പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചന്തയിൽ പോയിരുന്ന കുട്ടികളുടെ മാതാവാണ് തിരിച്ചെത്തിയപ്പോൾ രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഒളിവിൽ പോയ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകി. ഒരു ദിവസത്തിനുശേഷം, പിതാവിന്റെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.