‘പാക്ക് സൈന്യത്തിന് ധിക്കാരം, റാഞ്ചിയ ട്രെയിനിലെ 214 ബന്ദികളെ കൊലപ്പെടുത്തി’: അവകാശവാദവുമായി ബിഎൽഎ

Mail This Article
ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ട്രെയിൻ റാഞ്ചിയ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) കൂടുതൽ അവകാശവാദങ്ങളുമായി രംഗത്ത്. പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാത്തതിനാൽ ബന്ദികളാക്കിയ 214 പേരെയും വധിച്ചെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. തടവുകാരെ 48 മണിക്കൂറിനുള്ളിൽ വിട്ടയ്ക്കണമെന്നാണ് ട്രെയിൻ റാഞ്ചിയതിനു പിന്നാലെ ബുധനാഴ്ച സായുധ സംഘം സൈന്യത്തെ അറിയിച്ചത്. എന്നാൽ സൈന്യം ഇതിനു വഴങ്ങാത്തതിനാൽ 214 ബന്ദികളെയും കൊലപ്പെടുത്തിയെന്നാണ് ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്.
‘‘പാക്ക് ജയിലിൽ കഴിയുന്ന ബിഎൽഎയുടെ തടവുകാരെ കൈമാറുന്നതിനായി 48 മണിക്കൂറാണ് അനുവദിച്ചിരുന്നത്. ഇതു ബന്ദികളാക്കപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള സൈന്യത്തിന്റെ അവസാന അവസരമായിരുന്നു. എന്നാൽ പാക്ക് സൈന്യം അവരുടെ ധിക്കാരപൂർണമായ സമീപനവും പിടിവാശിയും കാരണം ഒരു വിലപേശലിനുള്ള അവസരം മാത്രമല്ല യാഥാർഥ്യത്തിനു നേരെ മുഖംതിരിക്കുകയുമാണ് ചെയ്തത്. അവരുടെ പിടിവാശി 214 പേരുടെ ജീവൻ നഷ്ടമാക്കി.’’– ബിഎൽഎ പ്രസ്താവനയിൽ പറയുന്നു. ബലൂചികൾ എന്നും രാജ്യാന്തര നിയമം പാലിച്ചാണ് പ്രവർത്തിച്ചതെന്നും എന്നാൽ പാക്ക് സൈന്യത്തിന്റെ പിടിവാശി അവരുടെ തന്നെ ജനങ്ങളുടെ ജീവനെടുത്തെന്നും ബിഎൽഎ അറിയിച്ചു.
എന്നാൽ അവകാശവാദങ്ങൾ സമർഥിക്കാൻ തക്ക തെളിവുകളൊന്നും ബിഎൽഎ പുറത്തിവിട്ടില്ല. അതേസമയം 33 ഭീകരരെ കൊലപ്പെടുത്തുകയും 354 ബന്ദികളെ രക്ഷപ്പെടുത്തിയെന്നും പാക്ക് സേനാ വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി അറിയിച്ചിരുന്നു. ഒരാളെ പോലും ബിഎൽഎ ബന്ദിയാക്കിയതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. 23 സൈനികരും മൂന്നു റെയിൽവേ ഉദ്യോഗസ്ഥരും അഞ്ച് യാത്രികരും ഉൾപ്പെടെ 31 പേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. ക്വറ്റയിൽനിന്നു പെഷാവറിലേക്കു പോകുകയായിരുന്ന ട്രെയിനാണ് പാളങ്ങൾ തകർത്ത് ബിഎൽഎ പിടിച്ചെടുത്തത്.