സ്വർണക്കടത്ത്: പ്രതി രന്യ റാവുവിന്റെ പിതാവ് ഡിജിപി രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു

Mail This Article
ബെംഗളൂരൂ∙ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛനും കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ രാമചന്ദ്ര റാവു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
മാർച്ച് 3ന് ദുബായിൽനിന്നു ബെംഗളൂരൂ വിമാനത്താവളത്തിലെത്തിയ നടിയെ ഡിആർഐ സംഘം 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി പിടികൂടുകയായിരുന്നു. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ അണിഞ്ഞിരുന്ന 800 ഗ്രാം സ്വർണവുമാണ് ഡിആർഐ സംഘം നടിയിൽ നിന്നു പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണവും 2.67 കോടി രൂപയും ഡിആർഐ സംഘം കണ്ടെടുത്തിരുന്നു.
ഇതിനുപിന്നാലെ രന്യ റാവു പിതാവിന്റെ ഔദ്യോഗിക പദവി കള്ളക്കടത്തിനുവേണ്ടി ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുകളും പുറത്തുവന്നു. ടെർമിനലിൽ സുരക്ഷ അകമ്പടി ലഭിക്കാനും ശരീര പരിശോധനയിൽനിന്ന് ഒഴിവാകാനും പിതാവിന്റെ പദവിയാണ് രന്യ ദുരുപയോഗം ചെയ്തിരുന്നത്. പലപ്പോഴും വിമാനത്താവളത്തിൽനിന്നു സർക്കാർ വാഹനങ്ങളിലാണ് നടി മടങ്ങിയിരുന്നത്.
ഇതിനുപിന്നാലെ രന്യയുമായി നിലവിൽ ഒരു ബന്ധവുമില്ലെന്നു കെ.രാമചന്ദ്രൻ പറഞ്ഞു. രന്യ തങ്ങളോടൊപ്പമല്ല ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. വിവാഹശേഷം തങ്ങളെ കാണാൻ വന്നിട്ടില്ല. മകളുടെ ഇടപാടുകളെ കുറിച്ച് അറിയില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു ബ്ലാക്ക് മാർക്കും ഉണ്ടായിട്ടില്ല. കൂടുതലൊന്നും പറയാനില്ല എന്നായിരുന്നു രാമചന്ദ്ര റാവു അന്ന് പറഞ്ഞത്.
കെ. രാമചന്ദ്രനെതിരെ നേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. മൈസൂരില്‍ ഐജിയായിരിക്കെ സ്വർണവ്യാപാരിയിൽനിന്നു 2 കോടിരൂപ പിടിച്ചെടുത്തെന്നും രേഖയിൽ വെറും 20 ലക്ഷം രൂപ മാത്രം കാണിച്ചെന്നുമായിരുന്നു ആരോപണം. സംഭവത്തിൽ സ്വർണവ്യാപാരി നൽകിയ പരാതിയിൽ രാമചന്ദ്രയുടെ ഗൺമാനെ കവർച്ചാക്കുറ്റം ചുമത്തി പിടികൂടുകയും ചെയ്തിരുന്നു.