പടിവാതിൽക്കൽ നിയമസഭ, കണ്ണുംനട്ട് ലോക്സഭ, മുന്നിൽ അധ്യക്ഷ കസേര; നഗരത്തിൽ വീട്, രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യമെന്ത് ?

Mail This Article
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ തിരുവനന്തപുരത്ത് സജീവമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് വരുന്ന 5 വർഷവും കാണുമെന്നു പറഞ്ഞ രാജീവ്, മത്സരഫലം പുറത്തുവന്നതോടെ പാർട്ടിയുമായി അകന്നിരുന്നു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപ്, ‘പൊതു പ്രവർത്തനം ഉപേക്ഷിക്കുന്നു’ എന്ന രാജീവിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റും വിവാദങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ ദേശീയ നേതൃത്വത്തിന്റെ നിർദേശം കൂടി പരിഗണിച്ചാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് സജീവമാകുന്നത്.
തനിക്ക് വോട്ട് ചെയ്ത ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് രാജീവിന്റെ നിലപാട്. തിരുവനന്തപുരം നഗരത്തിൽ സ്വന്തം വസതി വാങ്ങിയ രാജീവ്, മാസത്തിൽ ഏഴ് ദിവസമെങ്കിലും തിരുവനന്തപുരത്ത് ചെലവിടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് തരൂർ വ്യക്തമാക്കിയതോടെ നേരിയ വോട്ടിനു കൈവിട്ട പാർലമെന്റ് മണ്ഡലം 2029ൽ തിരിച്ചുപിടിക്കാമെന്നാണ് രാജീവിന്റെ കണക്കുക്കൂട്ടൽ. തരൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ ലോക്സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് രാജീവ് കളം നിറയുന്നതെ ന്ന് വിലയിരുത്തുന്നവരും ഉണ്ട്. 2026ൽ നേമത്ത് നിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും ബിജെപി നേതാക്കൾ പങ്കുവയ്ക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തരൂരിനെക്കാൾ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകൾ രാജീവ് നേടിയിരുന്നു. ശശി തരൂര്‍ 39,101 നേടിയപ്പോൾ രാജീവ് ചന്ദ്രശേഖര്‍ 61,227 വോട്ടുകളാണ് നേമത്ത് നേടിയത്.
∙ സുരേന്ദ്രന് പകരക്കാരനോ ?
‘‘എനിക്ക് സാധ്യതയുണ്ട്, എല്ലാവർക്കും സാധ്യതയുണ്ട്. എനിക്ക് കിട്ടുന്ന വിവരം അനുസരിച്ച് മാർച്ചിൽ അധ്യക്ഷനെ സംബന്ധിച്ച തീരുമാനമുണ്ടാകും’’ – രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ ഇതാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് രാജീവ് ചന്ദ്രശേഖറുമായി ബിജെപി ദേശീയ നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. കേരളത്തിലെ ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളും സംസ്ഥാനത്ത് സ്ഥിരമായി നില്‍ക്കേണ്ടി വരുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതാക്കളെ അറിയിച്ചു. ഇതിനുപിന്നാലെയാണ് താനും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നോയെന്ന ചോദ്യത്തിന് അത് തള്ളാതെ രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്.
എല്ലാ വിഭാഗത്തെയും, പ്രത്യേകിച്ച് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റുന്ന നേതാവ് സംസ്ഥാന അധ്യക്ഷനായി വരണമെന്ന നിലപാടിലാണ് ബിജെപി ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവന്‍ പേരെയും നേരിട്ട് കണ്ട് വോട്ടുകള്‍ ഉറപ്പിക്കാനാണ് പദ്ധതി. ഇതിനു മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിനു കഴിയുമെന്നാണ് കണക്കുക്കൂട്ടൽ.
രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ എം.ടി. രമേശിനാണ് കൂടുതൽ സാധ്യത. തിരഞ്ഞെടുപ്പുകൾ അടുത്തുനിൽക്കെ സംസ്ഥാനത്ത് വലിയൊരു പരീക്ഷണത്തിനു പാർട്ടി മുതിർന്നേക്കില്ലെന്ന് കരുതുന്നവരുമുണ്ട്.