ലഷ്കറെ നേതാവ് അബു ഖത്തൽ പാക്കിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; കശ്മീരിലെ ഒട്ടേറെ ആക്രമണങ്ങളുടെ സൂത്രധാരൻ

Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ നേതാവ് അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭീകര സംഘടനയുടെ മുഖ്യ പ്രവർത്തകനായിരുന്ന അബു ഖത്തൽ, ജമ്മു കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരനാണ്. ഹാഫിസ് സയിദാണ് ലഷ്കറെ തയിബയുടെ ചീഫ് ഓപ്പറേഷനൽ കമാൻഡറായി ഖത്തലിനെ നിയമിച്ചത്.
സിയാ-ഉർ-റഹ്മാൻ എന്നാണ് അബു ഖത്തലിന്റെ യഥാർഥ പേര്. ശനിയാഴ്ച വൈകിട്ട് സുരക്ഷാ ജീവനക്കാർക്കൊപ്പം ഝലം പ്രദേശത്ത് യാത്ര ചെയ്യുമ്പോഴായായിരുന്നു അജ്ഞാതരുടെ ആക്രമണം. അക്രമികൾ 15 മുതൽ 20 വരെ റൗണ്ട് വെടിയുതിർത്തു. അബു ഖത്തലും ഒരു സുരക്ഷാ ജീവനക്കാരനും സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. മറ്റൊരു സുരക്ഷാ ജീവനക്കാരനു ഗുരുതരമായി പരുക്കേറ്റു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ കനത്ത സംരക്ഷണത്തിലായിരുന്ന അബു ഖത്തൽ, ലഷ്‌കറെ തയിബ ഭീകരരെയും സാധാരണ വേഷത്തിലുള്ള പാക്ക് സൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഝലം പ്രദേശത്തെ ദിന പഞ്ചാബ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സീനത്ത് ഹോട്ടലിനു സമീപമാണ് ആക്രമണം നടന്നത്. അബു ഖത്തലിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അബു ഖത്തൽ. 2023ലെ രജൗറി ആക്രമണത്തിൽ അബു ഖത്തലിനു പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു. എൻഐഎ അന്വേഷണ പ്രകാരം ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽനിന്നുള്ള ലഷ്കറെ തയിബ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും അയയ്ക്കുന്നതിനും അബു ഖത്തൽ പ്രവർത്തിച്ചിരുന്നു.
2023 ഏപ്രിൽ 20ന് നടന്ന ദുരിയ ഭീകരാക്രമണത്തിലും ഖത്തലിന് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും മൃതദേഹങ്ങൾ വികൃതമാക്കപ്പെടുകയും ചെയ്തു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ അബു ഖത്തലിന്റെ പങ്കിനെക്കുറിച്ച് സൈന്യം ഉൾപ്പെടെ ഒട്ടേറെ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നു.