‘മോദിയും ട്രംപും വളരെ നല്ല സുഹൃത്തുക്കൾ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും’

Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ‘വളരെ നല്ല സുഹൃത്തുക്കളാണെ’ന്ന് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുൾസി ഗബ്ബാർഡ്. ഭീകരത ഇല്ലാതാക്കുന്നത് ഉൾപ്പെടുയുള്ള പൊതുവായ ലക്ഷ്യങ്ങളിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും തുൾസി പറഞ്ഞു. തുൾസി ഗബ്ബാർഡിന്റെ ഇന്ത്യ സന്ദർശന വേളയിൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പരാമർശം.
‘‘യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പഴക്കമുള്ളതാണ്. ട്രംപിന്റെ രണ്ടാം ഭരണകാലത്തും സമാധാനം, സമൃദ്ധി, സ്വാതന്ത്ര്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും താൽപര്യം തിരിച്ചറിഞ്ഞു പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുന്നു’’ – തുൾസി ഗബ്ബാർഡ് പറഞ്ഞു.
കഴിഞ്ഞ മാസം യുഎസിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഗബ്ബാർഡ് പരാമർശിച്ചു. ഭീകരവാദം, സൈബർ സുരക്ഷ, മറ്റു രാജ്യാന്തര ഭീഷണികളെ നേരിടുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിച്ചതായി തുൾസി പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതായും അവർ കൂട്ടിച്ചേർത്തു.