‘ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ മനസ്സ്, ധൈര്യശാലിയായ നേതാവ്; തീരുമാനങ്ങളെല്ലാം സ്വന്തം’: ട്രംപിനെ വാഴ്ത്തി മോദി

Mail This Article
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിനു ധൈര്യമുണ്ട്, സ്വന്തം തീരുമാനങ്ങൾ എടുക്കുന്നു. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ നയം തന്റെ ‘ഇന്ത്യ ആദ്യം’ എന്നതു പോലെയാണെന്നും മോദി പറഞ്ഞു. എഐ (നിർമിത ബുദ്ധി) ഗവേഷകൻ കൂടിയായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണു മോദി മനസ്സ് തുറന്നത്.
‘‘യുഎസിലെ ഹൂസ്റ്റണിൽ ‘ഹൗഡി മോദി’ പരിപാടിയിൽ ട്രംപും ഞാനും ഉണ്ടായിരുന്നു. സ്റ്റേഡിയം നിറഞ്ഞു. കായിക മത്സരങ്ങൾക്കു തിരക്കേറിയ സ്റ്റേഡിയങ്ങൾ സാധാരണമാണെങ്കിലും, രാഷ്ട്രീയ റാലിക്ക് ഇത്രയും തിരക്ക് അസാധാരണമായിരുന്നു. ഇന്ത്യൻ പ്രവാസികൾ ധാരാളം പേർ ഒത്തുകൂടി. ഞങ്ങൾ രണ്ടുപേരും പ്രസംഗിച്ചു. അദ്ദേഹം താഴെ ഇരുന്ന് എന്റെ പ്രസംഗം ശ്രദ്ധിച്ചു. അതാണ് അദ്ദേഹത്തിന്റെ വിനയം. ഞാൻ സംസാരിക്കുമ്പോൾ യുഎസ് പ്രസിഡന്റ് സദസ്സിലാണ് ഇരുന്നത്.
പ്രസംഗം അവസാനിപ്പിച്ച് ട്രംപിനു നന്ദി പറയാൻ ഞാനിറങ്ങി. സ്റ്റേഡിയത്തിൽ ചുറ്റിനടക്കാൻ ക്ഷണിച്ചു. ഒരു മടിയുമില്ലാതെ അദ്ദേഹം സമ്മതിച്ചു, എന്നോടൊപ്പം നടന്നു. മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒഴിവാക്കി. ആ നിമിഷം ശരിക്കും ഹൃദയസ്പർശിയായിരുന്നു. ഈ മനുഷ്യനു ധൈര്യമുണ്ടെന്ന് അപ്പോഴെനിക്കു മനസ്സിലായി. അദ്ദേഹം സ്വന്തം തീരുമാനങ്ങൾ എടുക്കുന്നു. ആ നിമിഷം എന്നെ വിശ്വസിച്ച് എന്നോടൊപ്പം ജനക്കൂട്ടത്തിലേക്ക് വരുന്നു. ഞങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ശക്തമായ ബന്ധത്തിനും അന്നു ഞാൻ സാക്ഷ്യം വഹിച്ചു’’– പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം മൂന്നാം തവണയും വിജയിച്ച പ്രധാനമന്ത്രി മോദി, പ്രസിഡന്റ് ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന മനോഭാവത്തെ പ്രശംസിച്ചു. അത് ‘ഇന്ത്യ ആദ്യം’ എന്ന തന്റെ സമീപനത്തിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘പ്രചാരണത്തിനിടെ വെടിയേറ്റപ്പോൾ, ഞാൻ കണ്ടതു ദൃഢനിശ്ചയമുള്ള ട്രംപിനെയാണ്. ആ സ്റ്റേഡിയത്തിൽ എന്നോടൊപ്പം കൈകോർത്ത് നടന്നയാൾ. വെടിയേറ്റശേഷവും അമേരിക്കയ്ക്ക് വേണ്ടി അചഞ്ചലമായി സമർപ്പിതനായി തുടർന്നു. അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രത്തിനു വേണ്ടിയായിരുന്നു. രാഷ്ട്രം ആദ്യം എന്നതിൽ ഞാൻ വിശ്വസിക്കുന്നതുപോലെ, അദ്ദേഹവും ‘അമേരിക്ക ആദ്യം’ എന്ന മനോഭാവമുള്ളയാളാണ്. അതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ശക്തമാകുന്നത്.
ആദ്യമായി വൈറ്റ് ഹൗസിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ, ലോകത്തിനു ട്രംപിനെ കുറിച്ചു വ്യത്യസ്തമായ ധാരണയായിരുന്നു. അദ്ദേഹത്തെ കാണുന്നതിനു മുൻപ് എനിക്കുപോലും പല വിവരങ്ങൾ ലഭിച്ചിരുന്നു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, ഞാൻ വൈറ്റ് ഹൗസിൽ കാലുകുത്തിയ നിമിഷം അദ്ദേഹം എല്ലാ ഔപചാരിക പ്രോട്ടോക്കോളുകളും ലംഘിച്ചു. സ്വന്തം നിലയ്ക്ക് എന്നെ വൈറ്റ് ഹൗസ് നടന്നു കാണിച്ചുതന്നു. എനിക്കൊപ്പം ചുറ്റിനടക്കുമ്പോൾ, ഒരുകാര്യം ഞാൻ ശ്രദ്ധിച്ചു. ട്രംപിന്റെ കൈവശം കുറിപ്പുകളോ കാർഡുകളോ ഉണ്ടായിരുന്നില്ല. സഹായിക്കാൻ ആരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം പറഞ്ഞുതന്നതു ട്രംപ് നേരിട്ടാണ്’’– മോദി വിശദീകരിച്ചു.