‘ഖലിസ്ഥാനെതിരെ നടപടി വേണം’: തുൾസി ഗബ്ബാർഡിനോട് രാജ്നാഥ് സിങ്; ‘രഹസ്യം’ കൈമാറുന്നതിൽ ഡോവലുമായും ചർച്ച

Mail This Article
ന്യൂഡൽഹി∙ അമേരിക്കൻ മണ്ണിൽ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരായി ഖലിസ്ഥാൻ വിഘടനവാദികൾ പ്രവർത്തിക്കുന്ന വിഷയം യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഡൽഹിയിൽ നടക്കുന്ന റെയ്സീന ഡയലോഗിൽ പങ്കെടുക്കാനെത്തിയ യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബ്ബാർഡുമായി തിങ്കളാഴ്ചയായിരുന്നു രാജ്നാഥ് സിങ്ങിന്റെ കൂടിക്കാഴ്ച. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടന നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രി വിശദമായി ഗബ്ബാർഡുമായി സംസാരിച്ചു. ശക്തമായ നടപടികളെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രണ്ടര ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഗബ്ബാർഡ് ഇന്ത്യയിലെത്തിയത്. പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവലുമായും ഗബ്ബാർഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള രഹസ്യവിവരങ്ങൾ പങ്കിടൽ എങ്ങനെ മെച്ചപ്പെടുത്താമെന്നും സുരക്ഷയിൽ കൂടുതൽ ഒരുമിച്ചു പ്രവർത്തിക്കാമെന്നും ഡോവലും ഗബ്ബാർഡും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ആദ്യമായാണ് ഉദ്യോഗസ്ഥതലത്തിലെ ഒരു മുതിർന്നയാൾ ഇന്ത്യ സന്ദർശിക്കുന്നത്. റെയ്സീന ഡയലോഗിൽ പങ്കെടുത്തശേഷം ജപ്പാൻ, തായ്‌ലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഗബ്ബാർഡ് സന്ദർശിക്കും. ചൊവ്വാഴ്ചയാണ് റെയ്സീന ഡയലോഗിൽ ഗബ്ബാർഡ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയപ്പോൾ ഗബ്ബാർഡുമായി കൂടിയാലോചനകൾ നടത്തിയിരുന്നു.