‘നവകേരള നയരേഖ നടപ്പാക്കുന്നത് ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം’: പീപ്പിൾസ് ഡെമോക്രസി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നതിലും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി അംഗത്വം കുറയുന്നതിലും സിപിഎമ്മിന് ആശങ്ക. സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളിലുള്ള ആശങ്ക വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സിപിഎം ഇംഗ്ലിഷ് വാരികയായ പീപ്പിള്‍സ് ഡെമോക്രസിയിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സഹകരണ മേഖലയിലെ അഴിമതി ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത തകര്‍ത്തെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്ന നടപടികള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച നവകേരള നയരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമാകണമെന്നു പ്രതിനിധികള്‍ ആവശ്യപ്പെട്ടുവെന്നും പീപ്പിള്‍സ് ഡെമോക്രസി വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നുവെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായെന്നു സംഘടനാ റിപ്പോര്‍ട്ടില്‍ എം.വി.ഗോവിന്ദന് ചൂണ്ടിക്കാട്ടുന്നു. ഇടതു ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ സൂക്ഷ്മതലത്തില്‍ കടന്നുകയറാന്‍ ബിജെപിക്കു കഴിഞ്ഞു. ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥകളുടെ പ്രകടനം വ്യക്തമാക്കുന്നത് ഇതാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയും ക്ഷേത്രങ്ങളുടെയും ഉല്‍സവങ്ങളുടെയും നിയന്ത്രണത്തിലൂടെയുമാണ് ബിജെപി ഇതു സാധ്യമാക്കുന്നത്. വിശ്വാസസമൂഹത്തെ ആകെ തെറ്റിദ്ധരിപ്പിച്ചു സമൂഹത്തിന്റെ സര്‍വമേഖലയും വര്‍ഗീയവല്‍ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. വിശ്വാസികളെ വര്ഗീയശക്തികളില്നിന്നു മോചിപ്പിച്ച് ശാസ്ത്രാവബോധം ശക്തിപ്പെടുത്തി മതനിരപേക്ഷ ജീവിതത്തിലേക്കു നയിക്കാന്‍ പാര്‍ട്ടിക്കു കഴിയണമെന്നു സംഘടനാ റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു. സംസ്ഥാനത്തു പ്രബലമാകുന്ന മധ്യവര്‍ഗം മത, വര്‍ഗീയ സ്വാധീനത്തിനു വശംവദരാകുന്നത് തടയാനുള്ള നടപടികള്‍ ഉണ്ടാകണം. ബിജെപിയും യുഡിഎഫും കൈകോര്‍ത്താണു പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും എം.വി.ഗോവിന്ദന് സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇടതുപാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ബിജെപി ആരോപിക്കുമ്പോള്‍ ഭൂരിപക്ഷ പ്രീണനമാണു നടത്തുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇത്തരം കുപ്രചാരണങ്ങളിലൂടെ ഇരുവിഭാഗത്തെയും പാര്‍ട്ടിയില്‍നിന്ന് അകറ്റാനാണ് ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഈ പരീക്ഷണം വിജയിച്ചുവെന്നും യുഡിഎഫ് വോട്ടു നേടി ബിജെപി ജയിച്ചുവെന്നും പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹകരണമേഖലയിലെ അഴിമതിയും സ്വജനപക്ഷപാതവും തിരിച്ചടിയാകുന്നതായി സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂരിലെ കരുവന്നൂര്‍ ബാങ്കിലെ അഴിമതി രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെടുകയും തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാകുകയും ചെയ്തു. ഇ.ഡിയുടെ ഇടപെടലിന് അതു കാരണമായി. മറ്റു പല സ്ഥലങ്ങളിലും സമാനമായ വിവാദങ്ങള്‍ ഉണ്ടായത് സമാന്തര സാമ്പത്തിക സംവിധാനമായ സഹകരണരംഗത്ത് പൊതുസഹൂമത്തിന് അവിശ്വാസം ഉടലെടുക്കാന്‍ വഴിയൊരുക്കി. അടിയന്തരമായി തിരുത്തല്‍ നടപടി ഉണ്ടാകണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
പൊതുവില്‍ പാര്‍ട്ടി അംഗബലത്തില്‍ വര്‍ധനയുണ്ടായെങ്കിലും മുസ്ലിം, ദലിത്, വിദ്യാര്‍ഥി, യുവാക്കള്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി അംഗത്വത്തില്‍ കുറവുണ്ടായി. അസ്തിത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയും വര്‍ഗീയ ഏകീകരണം ശക്തിപ്പെടുന്നതുമാണ് ഇതിനു കാരണം. വിദ്യാര്‍ഥികളും യുവാക്കളും പാര്‍ട്ടിയിലേക്കു കൂടുതലായി വരാതിരിക്കാനുള്ള കാരണം രാഷ്ട്രീയ പ്രചാരണപരിപാടികളുടെ കുറവാണ്. വനിതകളുടെ അംഗത്വം കൂടിയെങ്കിലും കൊല്‍ക്കത്ത പ്ലീനം മുന്നോട്ടുവച്ച, ആകെ അംഗത്വത്തിന്റെ 25 ശതമാനമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. വനിതാ പ്രാതിനിധ്യം ഏറ്റവും കൂടുതല്‍ കണ്ണൂരിലും കുറവ് മലപ്പുറത്തുമാണ്.
പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് എം.വി.ഗോവിന്ദന് അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. അതേസമയം പാര്‍ട്ടി അണികള്‍ക്കു രാഷ്ട്രീയസാക്ഷരത കുറവാണെന്നും എം.വി.ഗോവിന്ദന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇതിനായി ക്യാംപെയ്ന് ആരംഭിക്കും. 12 സ്ത്രീകള്‍ ഉള്‍പ്പെടെ 47 പ്രതിനിധികളാണ് സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു നടക്കുന്ന വലതുപക്ഷ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
നവകേരള നയരേഖയിലും ആശങ്ക
സംസ്ഥാനത്തിന്റെ വികസനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പുതുവഴികള്‍’ എന്ന നയരേഖയിലെ നിര്‍ദേശങ്ങളോടു ചില പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും പീപ്പിള്‍സ് ഡെമോക്രസിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന സാഹചര്യത്തില്‍ വരുമാനത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ സര്‍ക്കാര്‍ നിര്ബന്ധിതരായിരിക്കുകയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഫീസ്, സെസ്, വായ്പകള്‍ എന്നിവയിലൂടെയുള്ള ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. തകര്‍ച്ചയിലായ പൊതുമേഖലാ സ്ഥാപനങ്ങളെ പൊതു, സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡലിലേക്കു മാറ്റും. പെതുതാല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള സ്വകാര്യമൂലധനം ആകര്‍ഷിക്കുമെന്നും നയരേഖയില്‍ പറയുന്നു. അതേസമയം, കൃഷി, മത്സ്യബന്ധനം, കാര്‍ഷികവ്യവസായങ്ങള്‍ തുടങ്ങി പരമ്പരാഗത മേഖലകളെ സംരക്ഷിച്ചുകൊണ്ടുവേണം പരിഷ്കാരങ്ങള്‍ നടപ്പാക്കാനെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കണം. നയരേഖയിലെ പദ്ധതികള്‍ നടപ്പാക്കുന്നതിനു മുന്‍പ് പൊതുജനവിശ്വാസം ആര്‍ജിക്കേണ്ടതിന്റെ അനിവാര്യത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 27 പ്രതിനിധികളാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. നിര്‍ദേശങ്ങള്‍ മാത്രമാണു മുന്നോട്ടുവച്ചതെന്നും അന്തിമ തീരുമാനമെടുക്കുന്നത് എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയതിനുശേഷം മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്കി. അടിസ്ഥാനവിഭാഗത്തിന്റെ താല്പര്യങ്ങള് പൂര്‍ണമായി സംരക്ഷിക്കുന്ന തീരുമാനങ്ങളേ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.