സിനിമയിലെ അക്രമങ്ങൾ പരാമർശിച്ച് ഹൈക്കോടതി; എസ്ഐടി ബുദ്ധിമുട്ടിച്ചാൽ കോടതിയിൽ പോകാം

Mail This Article
കൊച്ചി ∙ സിനിമയിലെ അക്രമരംഗങ്ങളുടെ ആധിക്യം ജനങ്ങളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നു ഹൈക്കോടതി. ഇത്തരം അക്രമരംഗങ്ങൾ അനഭലഷണീയമായ സ്വാധീനം ജനങ്ങളിൽ ചെലുത്താമെന്നും ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണു ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവർ സിനിമയിലെയും ദൃശ്യമാധ്യമങ്ങളിലെയും അക്രമരംഗങ്ങളെക്കുറിച്ചു പരാമർശിച്ചത്. പ്രത്യേകാന്വേഷണ സംഘം അനാവശ്യമായി ബുദ്ധിമുട്ടിച്ചാൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിനിമയിലെ അക്രമരംഗങ്ങൾ സംബന്ധിച്ചു സംസ്ഥാന വനിതാ കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സമൂഹത്തിൽ ഈയിടെ നടക്കുന്ന പല അക്രമ സംഭവങ്ങളിലും ഉൾപ്പെട്ടവരുടെ പ്രവൃത്തികളും വാക്കുകളും സിനിമാരംഗങ്ങളെ അനുകരിക്കുന്നതാണെന്നു കമ്മിഷൻ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സിനിമ വിനോദവ്യവസായ മേഖലയിൽ സർക്കാർ കൊണ്ടുവരുന്ന നിയമത്തിൽ, അതിക്രൂര അക്രമങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനു നിയന്ത്രണങ്ങൾ വേണമെന്നുമുള്ള കമ്മിഷന്റെ സത്യവാങ്മൂലത്തെ തുടർന്നാണു കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്.
സിനിമയിൽ അക്രമത്തെ മഹത്വവൽക്കരിക്കുന്നത് അത്തരം പ്രവൃത്തികൾ ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ മറ്റൊരു വശത്ത് അഭിപ്രായ പ്രകടനത്തിനും ആവിഷ്ക്കാരത്തിനും സ്വാതന്ത്ര്യമുണ്ട്. ഇത് എത്രവരെ പോകാമെന്നതാണ് ചോദ്യം. ധാർമികത, ഭരണഘടനാ ധാർമികത ഇതെല്ലാം ആശ്രയിച്ചാണ് ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടത്.
സർക്കാരിനു മുന്നിലുള്ള എല്ലാ വസ്തുതകളും പരിഗണിച്ചശേഷം നിയമത്തിന്റെ കരടുണ്ടാക്കാം. കരട് തയാറായാൽ, കോടതി അതു സംബന്ധിച്ചു അഭിപ്രായം പ്രകടിപ്പിക്കാം. നിയമമുണ്ടാക്കാൻ സർക്കാരിനെ നിർബന്ധിക്കുകയല്ല ചെയ്യുന്നത്, നിയമമുണ്ടാക്കാൻ കൂടുതൽ വസ്തുതകൾ ലഭ്യമാക്കാൻ സർക്കാരിനെ സഹായിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി മുൻപാകെ ഹാജരായി മൊഴി നൽകിയെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലാത്തവരെയും പ്രത്യേകാന്വേഷണ സംഘം ബുദ്ധിമുട്ടിക്കുകയാണെന്നു ഹർജിക്കാരിലൊരാൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇക്കാര്യത്തിൽ ആരെയെങ്കിലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു കരുതുന്നില്ലെന്നും അങ്ങനെയുണ്ടായാൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയത്. നോട്ടിസ് അയയ്ക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല എന്നു മറുപടി നല്‍കാവുന്നതാണെന്നും കോടതി നിർദേശിച്ചു.