‘ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോയി’; മുൻപും സഹോദരിയുടെ വൈരാഗ്യം, വാക്സീൻ രേഖകൾ വലിച്ചെറിഞ്ഞു

Mail This Article
കണ്ണൂർ ∙ നാലു മാസം പ്രായമുള്ള കുഞ്ഞിനെ പന്ത്രണ്ട് വയസ്സുള്ള സഹോദരി കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിൽ പ്രതിയിലേക്കെത്താൻ വളപട്ടണം പൊലീസിനെ തുണച്ചത് മൊഴികളിലെ വൈരുധ്യം. കുഞ്ഞിന്റെ മാതാപിതാക്കൾക്കൂടി സംശയം പ്രകടിപ്പിച്ചതോടെ കുഞ്ഞിനൊപ്പം ഒരേ മുറിയിൽ ഉറങ്ങിയിരുന്ന 12 വയസ്സുകാരി കുറ്റസമ്മതം നടത്തുകയായിരുന്നു. മരിച്ച കുഞ്ഞ് കിടന്നിരുന്ന മുറിയിൽ ബന്ധുവായ 12 വയസ്സുള്ള കുട്ടിയും നാട്ടിലേക്കു പോയ ബന്ധുവിന്റെ നാലു വയസ്സുകാരി മകളുമുണ്ടായിരുന്നു.
രാത്രി 11ന് ശുചിമുറിയിൽ പോയി 10 മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അമ്മയുടെ അടുത്തു കുട്ടിയെ കണ്ടില്ലെന്നാണ് 12 വയസ്സുള്ള കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് 5 മിനിറ്റു കൊണ്ടു തിരിച്ചുവന്നെന്നു പറഞ്ഞു. രാത്രി ഇരുട്ടത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ടുപോകുന്നതായി കണ്ടെന്നുകൂടി പറഞ്ഞതോടെ സംശയം വർധിച്ചു. എന്നാൽ, മുറിയുടെ വാതിൽ അകത്തുനിന്നു തന്നെ തുറന്ന നിലയിലായിരുന്നതിനാൽ മുറിക്കകത്തുള്ളവർ തന്നെയാണു കൃത്യം ചെയ്തതെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
കുഞ്ഞിനോടുള്ള വൈരാഗ്യം 12 വയസ്സുകാരി നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് കുഞ്ഞിന്റെ വാക്സീൻ എടുത്ത രേഖകളും മറ്റും പെൺകുട്ടി പുറത്തേക്ക് എറിഞ്ഞിരുന്നു. ആഴ്ചകൾ മുൻപ് വീട്ടിലെ രണ്ടു മൊബൈൽ ഫോണുകളും രേഖകളും നഷ്ടപ്പെട്ടിരുന്നു. തിരച്ചിൽ നടത്തിയപ്പോൾ വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു ലഭിക്കുകയായിരുന്നു.
അതേസമയം, അർധരാത്രി ദുരന്തവാർത്ത കേട്ടുണർന്ന പ്രദേശവാസികളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. വാർത്തകളിലൂടെ മാത്രം അറിഞ്ഞിട്ടുള്ളതു പോലെ ഒരു സംഭവം തൊട്ടരികിൽ സംഭവിച്ചതിന്റെ ആഘാതത്തിലാണ് നാട്. തിങ്കൾ രാത്രി 9.30ന് പാലുകൊടുത്ത് അമ്മയോടൊപ്പം കിടത്തിയ കുഞ്ഞിനെയാണ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കിണറ്റിൽ കണ്ടത്.

‘‘ബഹളം കേട്ടാണ് ഞങ്ങൾ ക്വാർട്ടേഴ്സിലെത്തുന്നത്. അപ്പോഴേക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കിണറ്റിലേക്കിറങ്ങിയിരുന്നു. കുഞ്ഞിനെ എടുത്തുപൊക്കുമ്പോൾ അനക്കമില്ലായിരുന്നു. നെഞ്ചത്തു കിടത്തി, പുറത്തു തട്ടിയെങ്കിലും കാര്യമുണ്ടായില്ല. ആ സമയത്ത് വേറെ വാഹനമൊന്നും കിട്ടിയില്ല. അങ്ങനെയാണ് അവർ ബൈക്കിൽ കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലേക്കു പോയത്’’ – പാപ്പിനിശ്ശേരിയിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞ് താമസിച്ചിരുന്ന ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നാട്ടുകാരിൽ ഒരാൾ പറഞ്ഞു.
വാടക ക്വാർട്ടേഴ്സിന് ചുറ്റും തിരച്ചിൽ നടത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഒടുവിൽ വെറുതെ കിണറ്റിലേക്ക് ടോർച്ച് അടിച്ചു നോക്കിയതാണ്. അപ്പോഴാണ് കുഞ്ഞ് വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. കൊൽക്കത്ത സ്വദേശികളായ അഷ്റഫ്, സൗബർ മല്ലിക് എന്നീ യുവാക്കൾ കിണറ്റിലിറങ്ങി. സങ്കടവും ഭയവും ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നു അടുത്ത മുറികളിൽ താമസിക്കുന്ന തൊഴിലാളികൾ പറഞ്ഞു. ഇന്നലെ ജോലിക്കുപോലും പോകാതെയാണ് എല്ലാവരും പൊലീസ് അന്വേഷണവുമായി സഹകരിച്ചത്. കിണറ്റിലിറങ്ങി കുഞ്ഞിനെ എടുക്കുമ്പോഴും സംശയം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു പെരുമാറ്റവും പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പറയുന്നു.