‘ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന് പേടി’; കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് 27കാരി; കഷ്ണങ്ങളാക്കി വീപ്പയിലിട്ട് സിമന്റ് നിറച്ചു

Mail This Article
ന്യൂഡൽഹി∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്നു കൊലപ്പെടുത്തി 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് സിമന്റ് നിറച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. യുഎസിൽനിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്ത് (29) എന്ന നേവി ഉദ്യോഗസ്ഥനെയാണ് ഭാര്യ മുസ്കാൻ റസ്തഗിയും (27) കാമുകനായ സാഹിൽ ശുക്ലയും (25) ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ മുസ്കാനെയും സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സൗരഭിന്റെ ശരീരഭാഗങ്ങൾ കണ്ടെടുത്തതായും മീററ്റ് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 28ന് ആറു വയസ്സുള്ള മകളുടെ ജന്മദിനാഘോഷത്തിനു യുഎസിൽനിന്നു നാട്ടിലെത്തിയതായിരുന്നു സൗരഭ് രജ്പുത്ത്. ഇയാളെ കൃത്യമായ ആസൂത്രണത്തിലൂടെ ഭാര്യയും കാമുകനും ചേർന്നു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകി ഇയാളെ അബോധാവസ്ഥയിലാക്കി. പിന്നീട് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് കോൺക്രീറ്റ് നിറച്ചു. ഈ വീപ്പ മറവുചെയ്യാൻ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
സൗരഭിനെ കാണാതായതോടെ ആളുകൾ അന്വേഷിച്ചു തുടങ്ങിയപ്പോൾ സൗരഭ് മണാലിയിൽ പോയിരിക്കുകയാണെന്നാണ് ഇവരോട് മുസ്കാൻ പറഞ്ഞത്. ആർക്കും സംശയം തോന്നാതിരിക്കാൻ സാഹിലിനൊപ്പം മണാലിയിൽ പോയി ചിത്രങ്ങളെടുത്ത് സൗരഭിന്റെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തു. എന്നാൽ സൗരഭിനെ ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മുസ്കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. മൃതദേഹത്തെ കുറിച്ചു പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ വീപ്പ കണ്ടെത്തുകയും ശരീരഭാഗങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സാഹിലിനെ കാണാനും ലഹരി ഉപയോഗിക്കാനും കഴിയില്ല എന്ന പേടിയാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നു മുസ്കാന്റെ അമ്മയായ കവിതാ രസ്തോഗി പറഞ്ഞു. കുടുംബവും കോടിക്കണക്കിനു രൂപയുടെ സ്വത്തും ഉപേക്ഷിച്ചു മുസ്കാനോടൊപ്പം ജീവിക്കാൻ വന്ന സൗരഭിനെ കൊലപ്പെടുത്തിയ മകൾക്ക് കൊലപാതക ശിക്ഷ തന്നെ നൽകണമെന്നും മുസ്കാന്റെ കുടുംബം ആവശ്യപ്പെട്ടു. ‘‘സൗരഭിനെ കൊന്നെന്നു മുസ്കാൻ തുറന്നുപറഞ്ഞു. സൗരഭിന് മുസ്കാനോട് അന്തമായ സ്നേഹമായിരുന്നു. ഞങ്ങളുടെ മകളാണ് പ്രശ്നം. അവൾ സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് അകറ്റി. അതുകൊണ്ടാണ് അവളെ അറസ്റ്റ് ചെയ്യിപ്പിച്ചത്. അവർക്ക് നീതി ലഭിക്കണം. അവളെ തൂക്കി കൊല്ലണം. ജിവിക്കാനുള്ള അവകാശം അവൾക്കില്ല’’ – നിറകണ്ണുകളോടെ മുസ്കാന്റെ അമ്മയായ കവിതാ രസ്തോഗി പറഞ്ഞു.
2016ലാണ് സൗരഭും മുസ്കാനും വിവാഹിതരാകുന്നത്. മുസ്കാനോടൊപ്പം സമയം ചെലവിടുന്നതിനു വേണ്ടി സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. എന്നാൽ അധികം വൈകാതെ സാഹിലുമായി മുസ്കാനു ബന്ധമുള്ളതായി സൗരഭ് മനസ്സിലാക്കി. ഇതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയും ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മകളുടെ ഭാവി ആലോചിച്ച് വേർപിരിയേണ്ട എന്ന തീരുമാനത്തിലെത്തി. 2023ൽ സൗരഭ് വീണ്ടും ജോലിക്കായി യുഎസിലേക്ക് പോവുകയും ചെയ്തു. പിന്നീട് തിരിച്ചുവന്നപ്പോഴാണ് കൂടുതൽ അടുത്ത മുസ്കാനും സാഹിലും സൗരഭിനെ കൊലപ്പെടുത്തുന്നത്.