ADVERTISEMENT

തിരുവനന്തപുരം∙ അങ്കണവാടി ജീവനക്കാരുടെ സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നജീബ് കാന്തപുരം അടിയന്തരപ്രമേയത്തിനു നോട്ടിസ് നല്‍കി. അടിസ്ഥാനവര്‍ഗത്തിൽപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന് നജീബ് കാന്തപുരം പറഞ്ഞു. സമരങ്ങളുടെ അന്തകരായി ഇടതു സര്‍ക്കാര്‍ മാറുകയാണ്. സമരം ചെയ്യാനെത്തുന്നവരെ ആട്ടിപ്പായിക്കലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ജോലി. ചൈനയിലെ പോലെ അമിതാധികാരം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ആശമാരുടെയും അങ്കണവാടി ടീച്ചര്‍മാരുടെയും മേല്‍ സര്‍ക്കാര്‍ ടാങ്കുകള്‍ കയറ്റുമായിരുന്നുവെന്നും ഇതു കേരളമായതു ഭാഗ്യമാണെന്നും നജീബ് കാന്തപുരം പറഞ്ഞു. 

ആശാ വര്‍ക്കര്‍മാരെ പോലെ തന്നെ അങ്കണവാടി ടീച്ചര്‍മാരെയും സര്‍ക്കാര്‍ ചവിട്ടി അരയ്ക്കുകയാണെന്നും നജീബ് പഞ്ഞു. ഇതോടെ ഭരണപക്ഷം ബഹളംവച്ചു. മന്ത്രി വീണാ ജോര്‍ജ് എത്ര സമരങ്ങളില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ടെന്ന് നജീബ് ചോദിച്ചതോടെ ബഹളം മൂർഛിച്ചു. സമരത്തില്‍ പങ്കെടുത്താല്‍ മാത്രമേ മന്ത്രിയാകാന്‍ പാടുള്ളൂവെന്ന് പറയുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സുനിതാ വില്യംസ് ബഹിരാകാശത്തുനിന്ന് ഇറങ്ങിയിട്ടും ഭരണപക്ഷം ഇപ്പോഴും ആകാശത്തുതന്നെയാണെന്നും നജീബ് പറഞ്ഞു. ഇതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. 

ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ഡോ.മന്‍മേഹാന്‍ സിങ് ഏതു സമരമുഖത്തുനിന്നാണ് പ്രധാനമന്ത്രി ആയതെന്ന് മന്ത്രി പി.രാജീവ് ചോദിച്ചു. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി സംഘടനകള്‍ എന്തുകൊണ്ടാണ് ആശമാര്‍ക്കൊപ്പം സമരം ചെയ്യാത്തതെന്ന് മന്ത്രി ചോദിച്ചു. അങ്കണവാടി  ജീവനക്കാർക്ക് ശമ്പളം കൂട്ടിയത് ഇടതു സര്‍ക്കാര്‍ ആണെന്ന് പി.രാജീവ് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെങ്കിലും വേതനത്തിന്റെ 80 ശതമാനവും നല്‍കുന്നത് സംസ്ഥാനമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ശമ്പളം പരമാവധി അഞ്ചാം തീയതിക്കു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂട്ടിയത് യുഡിഎഫ് ആണെന്നും ജീവനക്കാര്‍ക്ക് കടുത്ത ജോലിഭാരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

English Summary:

Anganwadi workers strike: Anganwadi workers' strike dominates Kerala Assembly proceedings. The opposition criticizes the government's handling of the situation,

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com