എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി കേരള സർവകലാശാലയ്ക്കു തിരിച്ചുനൽകണം: സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ

Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് വരുന്നതോടെ നിലവിലെ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുമെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പഠന ഗവേഷണ കേന്ദ്രത്തിന് സൗജന്യമായി പതിച്ചുനൽകിയ ഭൂമിയിൽ കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎം ആസ്ഥാനം പ്രവർത്തിച്ചുവെന്നതിന് തെളിവാണെന്ന ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ.
എകെജിയുടെ സ്മാരകമായി ഗവേഷണ കേന്ദ്രത്തിന് പതിച്ചു നൽകിയ ഭൂമി ദുരുപയോഗം ചെയ്തതായി പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കേരള സർവകലാശാലയ്ക്ക് ഭൂമി മടക്കി നൽകാനുള്ള മാന്യത സിപിഎം കാട്ടണം. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഗവർണർക്കും കേരള സർവകലാശാല വിസിക്കും നിവേദനം നൽകി.
1977ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ.കെ.നായനാർ എകെജിയുടെ പേരിൽ പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാല വളപ്പിൽ സ്ഥലം പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്. 1977 ഓഗസ്റ്റ് 20ന് കേരളസർവകലാശാലയുടെ സെനറ്റ് ഹൗസ് വളപ്പിലുള്ള ഭൂമി സൗജന്യമായി പതിച്ച് നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. തുടർന്ന് സർവകലാശാല 34 സെന്റ് ഭൂമി സിപിഎം സെക്രട്ടറിയുടെ പേരിൽ നൽകി. പിന്നീട് സർക്കാർ അനുമതി ഇല്ലാതെ 15 സെന്റ് കൂടി അനുവദിക്കുകയായിരുന്നു.
1988ൽ എകെജി സെന്ററിന് ചുറ്റുമതിൽ കെട്ടിയപ്പോൾ പതിച്ചുനൽകിയതിലും കൂടുതൽ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. കാർഷിക ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ച സർക്കാരാണ് ഗവേഷണ കേന്ദ്രത്തിനായി സ്വന്തം പാർട്ടിക്ക് പതിച്ചു ലഭിച്ച ഭൂമി ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ നേതാക്കൾ പറഞ്ഞു.