ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ 11 ബിജെപി അംഗങ്ങൾ കൂടി; വരുമോ ‘ട്രിപ്പിൾ എൻജിൻ’ ഭരണം?

Mail This Article
ന്യൂഡൽഹി ∙ ട്രിപ്പിൾ എൻജിൻ സർക്കാർ രൂപീകരിക്കാനുള്ള ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്ത് ബിജെപി. ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് (എംസിഡി) 14 എംഎൽഎമാരെ നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്ത നാമനിർദേശം ചെയ്തു. 11 ബിജെപി അംഗങ്ങളെയും 3 ആം ആദ്മി അംഗങ്ങളെയുമാണ് നാമനിർദേശം ചെയ്തത്. ഇതോടെ ഏപ്രിലിൽ നടക്കുന്ന മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ഏറക്കുറെ വിജയം ഉറപ്പായി.
കഴിഞ്ഞ തവണ നടന്ന മേയർ തിരഞ്ഞെടുപ്പിൽ 3 വോട്ടുകൾക്കാണ് ബിജെപി പരാജയപ്പെട്ടത്. അന്ന് ഒരു എംഎൽഎ മാത്രമായിരുന്നു എംസിഡി സമിതിയിൽ ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ മാസം മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെ, മുനിസിപ്പൽ കോർപറേഷനിൽ പാർട്ടി ഇതിനകം തന്നെ എഎപിയെ മറികടന്നു. ബിജെപി അംഗങ്ങളുടെ എണ്ണം 116 ആയി. 250 അംഗ കൗൺസിലിൽ എഎപിക്ക് 114 സീറ്റുകളും കോൺഗ്രസിന് എട്ട് സീറ്റുകൾ മാത്രമാണുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കൗൺസിലർമാർ മത്സരിച്ചതിനെ തുടർന്ന് എംസിഡിയിൽ ഇപ്പോൾ 12 ഒഴിവുകൾ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 22 കൗൺസിലർമാരിൽ 11 പേർ മാത്രമാണ് വിജയിച്ചത്. ഒരു കൗൺസിലർ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സീറ്റ് ഒഴിഞ്ഞു. എന്നാൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ നിയമം അനുസരിച്ച് മേയർ തിരഞ്ഞെടുപ്പിന് മുൻപ് ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർബന്ധമില്ല.
ഇതോടെ കൗൺസിലിൽ തങ്ങളുടെ മേൽക്കൈ തിരിച്ചുപിടിക്കാനുള്ള എഎപിയുടെ ഉപതിരഞ്ഞെടുപ്പ് സാധ്യത അടഞ്ഞു. മേയർ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളജിൽ 250 കൗൺസിലർമാരും 10 എംപിമാരും 14 എംഎൽഎമാരും ഉൾപ്പെടുന്നു. നിലവിൽ ബിജെപിക്ക് 116 കൗൺസിലർമാരും 11 എംഎൽഎമാരും ഏഴ് എംപിമാരുമുണ്ട്. അതായത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 15-16 വോട്ടുകളുടെ മുൻതൂക്കം ലഭിക്കും.