മോടിയോടെ മുണ്ടിൽ: ഇനി പൂർണസമയം കേരളത്തിലെന്ന് രാജീവ് ചന്ദ്രശേഖർ

Mail This Article
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിൽനിന്ന് 2021 ജൂലൈ 7നു എനിക്ക് ഒരു കോൾ വന്നു. പ്രധാനമന്ത്രിയെ പെട്ടെന്നു കാണണം. വൈകാതെ ഞാൻ ഓഫിസിലെത്തി കണ്ടു. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നു മോദിജി നിർദേശിച്ചു. ഒപ്പം ഒരു കാര്യം കൂടി പറഞ്ഞു. ‘ഇനി മുതൽ മുണ്ടുടുക്കാൻ ശ്രമിക്കൂ. അതു നന്നാകും.’ പിറ്റേന്നു സത്യപ്രതിജ്ഞയ്ക്കും അതു കഴിഞ്ഞ് ഓഫിസിൽ ചുമതലയേൽക്കാനും ഞാൻ മുണ്ടുടുത്താണു പോയത്. അതിനുശേഷം മുണ്ടാണ് എന്റെ സ്ഥിരം വേഷം – ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു നാമനിർദേശപത്രിക നൽകിയ ശേഷമാണ് രാജീവ് ചന്ദ്രശേഖർ മനോരമയോട് ഈ ‘മുണ്ടുകഥ’ പങ്കുവച്ചത്. പതിവുമുഖങ്ങളെ മാറ്റി ഇത്തവണ നരേന്ദ്ര മോദി, രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലേക്കാണു നിയോഗിച്ചത്.
നിധിൻ ഗഡ്കരി ദേശീയ അധ്യക്ഷനായിരിക്കെ, 2010ൽ ‘വിഷൻ 2025’ പദ്ധതി തയാറാക്കാൻ രൂപീകരിച്ച നേതാക്കളുടെയും വിദഗ്ധരുടെയും കമ്മിറ്റിയുടെ ചെയർമാൻ രാജീവ് ചന്ദ്രശേഖറായിരുന്നു. 2025ൽ കൃഷി, അടിസ്ഥാനസൗകര്യം, ഐടി, ഉൗർജം, വ്യവസായം തുടങ്ങി 50 മേഖലകളിൽ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പാർട്ടിയുടെ പിന്നീടുള്ള ആലോചനകൾ. എഐ സാങ്കേതികവിദ്യാരംഗത്തു വിദേശത്തെ പ്രധാന യോഗങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നിയോഗിച്ചതിനാൽ അതിന്റെ യാത്രകളിലായിരുന്നു കഴിഞ്ഞയാഴ്ച വരെ. ‘ഇന്നലെ രാവിലെയാണ് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നോട് സംസ്ഥാന പ്രസിഡന്റാകണമെന്ന കാര്യം അറിയിച്ചത്. ഇനി പൂർണസമയം കേരളത്തിൽ പ്രവർത്തിക്കും’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
റിട്ട. എയർ കമഡോർ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലിയമ്മയുടെയും മകനാണു രാജീവ് ചന്ദ്രശേഖർ. തൃശൂർ സെന്റ് പോൾസ് കോൺവന്റ് സ്കൂളിലും ബെംഗളൂരുവിലെ കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു വിദ്യാഭ്യാസം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം യുഎസിൽ ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് എടുത്തു. ഹാർവഡ് ബിസിനസ് സ്കൂൾ, സ്റ്റാൻഫഡ്, ഇന്റൽ എന്നിവിടങ്ങളിൽനിന്ന് മാനേജ്മെന്റ്, ടെക്നോളജി പ്രോഗ്രാമുകളിൽ പരിശീലനവും നേടി. 1988 മുതൽ 1991 വരെ ‘ഇന്റലി’ൽ ജോലിചെയ്തു. തുടർന്ന് ഇന്ത്യയിലേക്കു മടങ്ങി ബിപിഎൽ ഗ്രൂപ്പിൽ ചേർന്നു. 1994ൽ ബിപിഎൽ മൊബൈൽ തുടങ്ങി. സാങ്കേതികവിദ്യ, മാധ്യമ, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിലായി നിക്ഷേപങ്ങളുള്ള സ്ഥാപനമായ ജൂപ്പിറ്റർ ക്യാപ്പിറ്റൽ സ്ഥാപിച്ചു.
കർണാടകയിൽനിന്നു 3 തവണ രാജ്യസഭയിലെത്തി. 2021 മുതൽ 2024 വരെ കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, സ്കിൽ ഡവലപ്മെന്റ്, ഒൻട്രപ്രനർഷിപ്, ജലശക്തി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവർത്തിച്ചു. ബിപിഎൽ ഗ്രൂപ്പ് സ്ഥാപകനായ ടി.പി.ജി. നമ്പ്യാരുടെ മകൾ അഞ്ജുവാണു ഭാര്യ. മക്കൾ: വേദ്, ദേവിക.