മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി; 3 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Mail This Article
താമരശ്ശേരി∙ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. 3 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞു വീണ മാവിന്റെ കൊമ്പിൽനിന്നും മാങ്ങ ശേഖരിച്ചു കൊണ്ടിരുന്ന ആളുകൾക്കിടയിലേക്ക് ബസ്സ് പാഞ്ഞു കയറുകയായിരുന്നു.
താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും സതീഷ് കുമാർ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോൾ മാങ്ങ ശേഖരിക്കാൻ വാഹനങ്ങൾ നിർത്തുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെത്തുടർന്ന് അൽപനേരം ഗതാഗത തടസ്സമുണ്ടായി. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.