ADVERTISEMENT

വാഷിങ്ടൻ ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്നു കിട്ടിയതിനു പിന്നാലെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്. പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ഗ്രൂപ്പ് നിർമിച്ചത് താനാണെന്നും മൈക്ക് വാൾട്ട്സ് പറഞ്ഞു. എല്ലാം ഏകോപിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ ജോലിയെന്നും മൈക്ക് വാൾട്ട്സ് കൂട്ടിച്ചേർത്തു.

സുരക്ഷാ ലംഘനത്തെ കുറിച്ച് യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൈക്ക് വാൾട്ട്സിന്റെ കുറ്റസമ്മതം. ചാറ്റിൽ ചേർത്ത മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്. 

ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയ വിവരം ദ അറ്റ്ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബർഗാണ് വെളിപ്പെടുത്തിയത്. ‘ഹൂതി പിസി സ്മോൾ ഗ്രൂപ്പ്’ എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ ചേരാൻ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോൾഡ്ബർഗ് വ്യക്തമാക്കി. ‘‘ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തിയ സാഹചര്യത്തിൽ ഹൂതികൾക്കെതിരെ സൈനിക നടപടികൾ ഏകോപിപ്പിക്കുന്നതിന് ഒരു ‘ടൈഗർ ടീമിനെ’ രൂപീകരിക്കാൻ ഈ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, പ്രിൻസിപ്പൽ ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലക്സ് നെൽസൻ വോങ്ങിനെ ചുമതലപ്പെടുത്തി. ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, യുഎസ് വിന്യസിക്കുന്ന ആയുധങ്ങൾ തുടങ്ങിയ വിവരങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചു. പിന്നാലെ 15ന് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം ആരംഭിച്ചു.’’ – ജെഫ്രി ഗോൾഡ്ബർഗ് വ്യക്തമാക്കി. 

അതേസമയം, സൈനിക പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജെഫ്രി ഗോൾഡ്ബർഗ് തയ്യാറായില്ല. ചാറ്റ് ഗ്രൂപ്പ് യഥാർഥമാണെന്നു വ്യക്തമാക്കിയ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയൺ ഹ്യൂസ്, എങ്ങനെയാണു മറ്റൊരു ഫോൺ നമ്പർ അതിൽ ചേർക്കാൻ ഇടയായതെന്നു പരിശോധിച്ചുവരികയാണെന്നും പറഞ്ഞിരുന്നു.

English Summary:

US Military Plan Leak: Mike Waltz Takes Responsibility. Mike Waltz's WhatsApp leak exposed US military plans against Yemen's Houthi rebels.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com