ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്നും ഒരു ഘട്ടത്തിൽ ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചെന്നും വെളിപ്പെടുത്തൽ. ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും റോമിലെ ജമേലി ആശുപത്രിയിലെ ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

‘ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സ അവസാനിപ്പിച്ച് അദ്ദേഹത്തെ പോകാൻ അനുവദിക്കുക അല്ലെങ്കിൽ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. കാഠിന്യമേറിയ മരുന്നുകൾ നൽകുന്നത് അദ്ദേഹത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെ കൂടി അപകടത്തിലാക്കുമെന്ന സാഹചര്യമായിരുന്നു. എല്ലാ ശ്രമങ്ങളും നടത്തുക, പിന്മാറരുത് എന്ന അദ്ദേഹത്തിന്റെ വ്യക്തിഗത നഴ്സ് മാസിമിലിയാനോ സ്റ്റ്രാപ്പെറ്റിയുടെ സന്ദേശത്തെ തുടർന്ന് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വൃക്കകൾക്കും മജ്ജയ്ക്കും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ മുന്നോട്ട് പോയി, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു, ശ്വാസകോശ അണുബാധ കുറഞ്ഞു,’ – ഡോ. സെർജിയോ പറഞ്ഞു. 

ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രി വിട്ട മാർപാപ്പയ്ക്ക് 2 മാസത്തെ പരിപൂർണ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം, ഏപ്രിൽ 8ന് വത്തിക്കാനിലെ വസതിയിൽ ബ്രിട്ടനിലെ ചാൾസ് രാജാവിന് കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരുന്നെങ്കിലും സന്ദർശകർക്ക് കർശന നിയന്ത്രണമുള്ള സാഹചര്യത്തിൽ ചാൾസ് രാജാവ് കൂടിക്കാഴ്ച റദ്ദാക്കി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com