‘ഹൂതികൾക്കെതിരെ സൈനിക നടപടിക്കു രൂപംനൽകിയ സമൂഹമാധ്യമ ഗ്രൂപ്പിൽ എന്നെ ഉൾപ്പെടുത്തി’: വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

Mail This Article
വാഷിങ്ടൻ ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനുമായി പങ്കുവച്ച് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് അതീവ ഗൗരവതരമായ സംഭവം. ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയ വിവരം ദ അത്‌ലാന്റിക് മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബർഗാണ് വെളിപ്പെടുത്തിയത്. ഗ്രൂപ്പിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് സൂചന.
ഹൂതി പിസി സ്മോൾ ഗ്രൂപ്പ് എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ ചേരാൻ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോൾഡ്ബർഗ് വ്യക്തമാക്കി. ‘ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തിയ സാഹചര്യത്തിൽ ഹൂതികൾക്കെതിരെ സൈനിക നടപടികൾ ഏകോപിപ്പിക്കാൻ ഒരു ‘ടൈഗർ ടീമിനെ’ രൂപീകരിക്കാൻ ഈ സമൂഹമാധ്യമ ഗ്രൂപ്പിലൂടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വോൾട്സ്, പ്രിൻസിപ്പൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലക്സ് നെൽസൻ വോങ്ങിനെ ചുമതലപ്പെടുത്തി. ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന ആക്രമണം ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ്, ആക്രമിക്കേണ്ട കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, യുഎസ് വിന്യസിക്കുന്ന ആയുധങ്ങൾ തുടങ്ങിയ വിവരങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചു. പിന്നാലെ 15ന് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന വ്യോമാക്രമണം ആരംഭിച്ചു.’ – ജെഫ്രി ഗോൾഡ്ബർഗ് വ്യക്തമാക്കി. എന്നാൽ സൈനിക പദ്ധതിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജെഫ്രി ഗോൾഡ്ബർഗ് തയാറായില്ല.
ചാറ്റ് ഗ്രൂപ്പ് യഥാർഥമാണെന്ന് വ്യക്തമാക്കിയ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയൺ ഹ്യൂസ്, എങ്ങനെയാണ് മറ്റൊരു ഫോൺ നമ്പർ അതിൽ ചേർക്കാൻ ഇടയായതെന്ന് പരിശോധിച്ചുവരികയാണെന്നു പറഞ്ഞു.