‘രാത്രി മുഴുവൻ മൃതദേഹത്തിനടുത്തിരുന്ന് സംസാരിച്ചു’; ഗൗരി കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Mail This Article
ബെംഗളൂരു∙ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഫ്ലാറ്റിലെ ശുചിമുറിയിൽ തള്ളിയ സംഭവത്തിൽ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫിനോയിൽ കുടിച്ചാണ് രാകേഷ് (36) ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാള്‍ സത്രയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ബെംഗളൂരുവിലെ ഹുളിമാവിലെ ഫ്ലാറ്റിൽനിന്നു വ്യാഴാഴ്ച വൈകീട്ടാണ് ഗൗരി അനിലിന്റെ (32) മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പുണെ സ്വദേശിയായ രാകേഷിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിനു ശേഷം രാത്രി മുഴുവൻ ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്നു സംസാരിച്ചുവെന്ന് രാകേഷ് പൊലീസിനോട് പറഞ്ഞു. ജോലിയെ ചൊല്ലി ഇരുവരും വഴക്കിട്ടതായും പ്രതി മൊഴി നൽകിയിട്ടുണ്ട്. ‘‘കുറ്റകൃത്യം നടന്ന ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. രാകേഷ് പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ഭാര്യ അയാൾക്കു നേരെ കത്തി എറിഞ്ഞു. ഗൗരിയുടെ നീക്കത്തിൽ പ്രകോപിതനായ രാകേഷ് പലതവണ യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു.’’– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വകാര്യ കമ്പനിയിലെ സീനിയർ പ്രോജക്ട് മാനേജരായ രാകേഷ് വീട്ടിൽ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. രണ്ടുമാസം മുൻപാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. ബിരുദധാരിയായ ഗൗരി ജോലിക്കായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ജോലി ലഭിക്കാത്തതിനു രാകേഷിനെ കുറ്റപ്പെടുത്തുകയും മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ കാരണം ഇതായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട ഗൗരി തന്റെ സഹോദരിയുടെ മകളാണെന്ന് രാകേഷിന്റെ അച്ഛൻ പറഞ്ഞു. ‘‘ഇരുവരുമായുള്ള വിവാഹത്തിനു കുടുംബം തയാറായിരുന്നില്ല. ഒരു കാരണവുമില്ലാതെ വഴക്കുണ്ടാകുന്ന പ്രകൃതമാണ് അവളുടേത്. പക്ഷേ, എതിർപ്പുകൾ പ്രശ്നമല്ലെന്നും ഒന്നിച്ചു ജീവിക്കാനാണ് ഇഷ്ടമെന്നും ഇരുവരും പറഞ്ഞു. ഏകദേശം രണ്ടു വർഷം മുൻപായിരുന്നു ഗൗരിയുടെയും രാകേഷിന്റെയും വിവാഹം. മകനുമായും മറ്റു കുടുംബാംഗങ്ങളുമായും നിരന്തരം അവൾ വഴക്കിടുമായിരുന്നു. ഇതേതുടർന്നു പലതവണ പൊലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ട്’’. രാകേഷിന്റെ അച്ഛൻ രാജേന്ദ്ര പറഞ്ഞു.
കൊലപാതകത്തിനു പിന്നാലെ വീട്ടിലെ രക്തക്കറകൾ വൃത്തിയാക്കിയതിനു ശേഷം രാകേഷ് സ്വന്തം വാഹനത്തിൽ മഹാരാഷ്ട്രയിലേക്ക് തിരിച്ചു. സൈബർസെല്ലിന്റെ സഹായത്തോടെ ഫോൺ ട്രാക്ക് ചെയ്താണ് പുണെയിൽനിന്നു പ്രതിയെ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഫ്ലാറ്റിന്റെ ഉടമ ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കൊലപാതകവിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണു സംഭവം പുറത്തറിഞ്ഞത്.