മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹന ഫാത്തിമയ്ക്ക് എതിരായ നടപടികൾ നിർത്തി പൊലീസ്

Mail This Article
പത്തനംതിട്ട ∙ ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെത്തുടർന്ന് അയ്യപ്പനെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചെന്ന കേസിൽ രഹന ഫാത്തിമയ്ക്കെതിരായ തുടർനടപടികൾ നിർത്തിവച്ച് പൊലീസ്. 2018ൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നെന്നു കാട്ടി ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫെയ്സ്ബുക് മാതൃസ്ഥാപനമായ മെറ്റയിൽനിന്നു ലഭ്യമായില്ലെന്നു ചൂണ്ടിക്കാട്ടിയാണു പത്തനംതിട്ട പൊലീസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയത്. കൂടുതൽ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
പരാതിക്കാരനായ ബി.രാധാകൃഷ്ണ മേനോനെയും പൊലീസ് ഇക്കാര്യം അറിയിച്ചു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നും മെറ്റയിൽനിന്നു വിവരങ്ങൾ ലഭ്യമല്ലെന്ന കാരണത്താൽ അന്വേഷണം അവസാനിപ്പിക്കുന്നത് ഉചിതമല്ലെന്നും ബി.രാധാകൃഷ്ണ മേനോൻ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.